നെല്ലിയാന്പതി: പ്രധാന ആകർഷണ കേന്ദ്രങ്ങളായ മാൻപാറയും ഗോവിന്ദാമലയും കുരിശുപള്ളിയിലുമെല്ലാം പ്രവേശനം നിരോധിച്ച വനംവകുപ്പ് കാരപ്പാറ വെള്ളച്ചാട്ടം കാണാനെത്തുന്നവർക്കും വിലക്കേർപ്പെടുത്തി. വിനോദസഞ്ചാര മേഖലയിൽ വികസനം വേണമെന്ന മുറവിളി പരിഗണിക്കാതെ സുരക്ഷിതത്വത്തിന്റെ പേരിൽ സന്ദർശകരുടെ വരവ് ഇല്ലാതാക്കാനാണു വനംവകുപ്പിന്റെ ശ്രമമെന്നു വ്യാപാരികളും ടാക്സി ജീവനക്കാരും ജനപ്രതിനിധികളും പരാതിപ്പെട്ടു.
നെല്ലിയാന്പതിയുടെ ടൂറിസം ഭൂപടത്തിൽ പ്രധാന പങ്കുവഹിച്ചു വരുന്ന കാരപ്പാറ വെള്ളച്ചാട്ടംകണ്ട് ആസ്വദിക്കാൻ എത്തുന്നവർ നിരാശയോടെയാണ് ഇപ്പോൾ മടങ്ങുന്നത്.
കാരപ്പാറ വെള്ളച്ചാട്ടത്തിൽ അപകടമുള്ള ഭാഗത്തേയ്ക്ക് പോകുന്നത് വിലക്കുന്നതിനു പകരം വളരെ ദൂരെ നിന്നുതന്നെ സന്ദർശകരെ വനപാലകർ തടയുന്നതാണ് പ്രശ്നം. അതേസമയം താത്പര്യമുള്ള ചിലരെ കടത്തിവിടുന്നതായി പരാതിയുണ്ട്. മഴ കുറഞ്ഞതോടെ മൂന്നടിയിൽ താഴെ മാത്രം വെള്ളമുണ്ടായിട്ടും സന്ദർശകരെ വിലക്കുന്ന നടപടിയോട് യോജിക്കാനാകില്ലെന്നു വ്യാപാരികൾ പറഞ്ഞു.
നൂറുക്കണക്കിനുപേർ എത്തിയിരുന്ന കാരപ്പാറ കവലയിൽ ഇന്ന് വിരലിലെണ്ണാവുന്നവർ മാത്രമേ എത്തുന്നുള്ളൂ. വനസംരക്ഷണ സമിതിയുടെ പേരിൽ കാരാശൂരിയിലേക്കും ആനമടയിലേക്കും മറ്റും പോകുന്നവരിൽനിന്നും വനംവകുപ്പ് പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.ഇപ്രകാരം കാരപ്പാറ വെളളച്ചാട്ടം കാണാനെത്തുന്നവരിൽനിന്നും ഫീസ് ഈടാക്കി സുരക്ഷാജോലിക്കാരെ നിയമിക്കാൻ കഴിയുന്ന ബദൽ സംവിധാനത്തെക്കുറിച്ചു ചിന്തിക്കാതെ സന്ദർശകരെ വിലക്കിയ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നെല്ലിയാന്പതി ചുരം റോഡിനോടു ചേർന്ന വെള്ളച്ചാട്ടത്തിലോ വനത്തിലേയ്ക്കോ കയറാൻ വിലക്കു കല്പിച്ചതും സഞ്ചാരികളായെത്തുന്നവർക്കിടയിൽ മുറുമുറുപ്പുണ്ട്. മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഇല്ലാത്ത നിയമങ്ങൾ ഇവിടെ തുടരുന്നതെന്തിനെന്നും ഇതവസാനിപ്പിച്ച് സഞ്ചാരികൾക്കു വേണ്ട സൗകര്യങ്ങളൊരുക്കാൻ വേണ്ട നടപടിസ്വീകരിക്കണമെന്നും വ്യാപാരികളും ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.