നെല്ലിയാന്പതി: ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ മരുന്ന് ക്യാന്പയിനുമായി നെല്ലിയാന്പതിയിൽ യുവാക്കൾ രംഗത്ത്.
നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും പാലക്കാട് ഇതിഹാസ് ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിന്റെയും അമൃതവാഹിനി ഹോമിയോ ക്ലിനിക്കിന്റെയും പാടഗിരി ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെയാണ് നെല്ലിയാന്പതിയിലെ 1700 വീടുകളിലായി 4000 ലധികം വരുന്ന ജങ്ങൾക്ക് നേരിട്ട് വീടുകളിലെത്തി ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി.
നെന്മാറ സിഎൽഎസ്എല്ലിലേയും ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോർട്ട് ടൗണിലെയും ഇതിഹാസ് ഗ്രൂപ്പിലെയും 30ലധികം വരുന്ന വളണ്ടിയർമാർ ചേർന്ന് 7 ഗ്രൂപ്പുകളായി തിരിഞ്ഞാണ് മരുന്ന് വിതരണം നടത്തിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സ്ഥലം കൂടിയാണ് നെല്ലിയാന്പതി.അടുത്തടുത്ത വീടുകളിലായി ആളുകൾ തിങ്ങിപ്പാർക്കുന്ന പാടികളായതിനാൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ള സ്ഥലമായതിനാലാണ് പ്രതിരോധമെന്ന നിലക്ക് മരുന്നുകൾ നല്‍കുന്നത്.
നെല്ലിയാന്പതിയിലെ മുഴുവൻ വീടുളിലുമായി അഞ്ച് ദിവസത്തെ പ്രവർത്തനത്തിലൂടെയാണ് പ്രതിരോധ മരുന്നുകൾ 1700 വീടുകളിലെത്തിച്ചത്.പോസിറ്റീവ് കേസുകൾ ഉള്ളവർക്കും നിരീക്ഷണത്തിലുള്ളവർക്കും പ്രത്യേക മരുന്നുകൾ കവറിലാക്കി നൽകുകയും ചെയ്തു.
ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.രഞ്ജിത് കുമാർ പി.എസ്, ഇതിഹാസ് ഗ്രൂപ്പ് ചെയർമാൻ സജീവ് തോമസ്, ജില്ലാ ഹോസ്പിറ്റൽ എആർടി കൗണ്‍സിലർ അനിത കൃഷ്ണമൂർത്തി, സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ, മഞ്ജു സജീവ്, എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഐഡിയൽ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികളടക്കം പോലീസ് ഉൾപ്പെടെയുള്ള പ്രവർത്തകരുടെ സജീവ ഇടപെടലുകളിലൂടെ അഞ്ച് ദിവസം കൊണ്ട് മരുന്ന് വിതരണം നടത്താൻ കഴിഞ്ഞു.
മരുന്ന് വിതരണ യജ്ഞത്തിന്റെ ഉദ്ഘാടനം നെല്ലിയാന്പതി ഐഎസ്എച്ച്ഒ സിഐ രമേഷ് നിർവ്വഹിച്ചു. എസ്ഐമാരായ അരുൾ, നന്ദകുമാർ, സിപിഒ വിനോദ്, പ്രശാന്ത് കളേഴ്സ് എന്നിവർ സംസാരിച്ചു.
മരുന്നിന്റെ ആദ്യ ഡോസ് വിതരണം നെല്ലിയാന്പതി റേഞ്ച് ഓഫീസർ കൃഷ്ണദാസിന് ഡോ.രഞ്ജിത് കുമാറിന് നൽകി തുടക്കം കുറിച്ചു.
മരുന്നു വിതരണത്തോടൊപ്പം കോവിഡ് ബോധവൽക്കരണവും മാസ്ക്കിന്റെയും സാമൂഹ്യ അകലത്തിന്റെ പ്രധാന്യവും വ്യക്തിശുചിത്വം എന്നിവയുടെ പ്രചരണവും നടത്തി.