നെല്ലിയാന്പതി: ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം നെല്ലിയാന്പതിയിലേക്കു സഞ്ചാരികൾ എത്തിത്തുടങ്ങി. കഴിഞ്ഞ വർഷമുണ്ടായ ശക്തമായ മഴയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ചുരം പാത തകർന്നതോടെയാണു നെല്ലിയാന്പതിയിലേക്കു സഞ്ചാരികൾക്കു നിയന്ത്രണമേർപ്പെടുത്തിയത്.
തകർന്നുപോയ കുണ്ടറച്ചോല പാലത്തിനു പകരം പുതിയ പാലം നിർമിച്ചു വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയതോടെയാണു സഞ്ചാരികൾക്കുള്ള നിയന്ത്രണം പിൻവലിച്ചത്. ഇതോടെ പ്രതിദിനം നൂറിലധികം വാഹനങ്ങളാണു സഞ്ചാരികളുമായി നെല്ലിയാന്പതിയിലേക്ക് എത്തുന്നത്. സഞ്ചാരികളെത്തിയതോടെ നെല്ലിയാന്പതിയിലെ ജീപ്പ് ഡ്രൈവർമാരും റിസോർട്ട് ഉടമകളും ആഹ്ലാദത്തിലാണ്.
ഒരു വർഷമായി കടുത്ത സാന്പത്തിക പ്രയാസത്തിലായിരുന്നു വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ.ഉരുൾപൊട്ടി തകർന്ന ഭാഗങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തി നിർമിച്ചതോടെയാണു പോത്തുണ്ടി- കൈകാട്ടി പാതയിലൂടെ യാത്ര സുഗമമായത്.
സർക്കാരിന്റെ റീ ബിൽഡ് പദ്ധതിയിലുൾപ്പെടുത്തി ചുരം പാത നവീകരണപ്രവർത്തനങ്ങൾ കൂടി നടത്തുന്നതോടെ നെല്ലിയാന്പതിയിലേക്കുള്ള യാത്ര സുഗമമാകും. പ്രധാന കേന്ദ്രങ്ങളായ സീതാർകുണ്ട്, ആനമല, കേശവൻപാറ, കാരപ്പാറ തുടങ്ങിയ ഭാഗങ്ങളിലാണു സഞ്ചാരികൾ കൂടുതലും എത്തുന്നത്.