നെല്ലിയാന്പതി: നെല്ലിയാന്പതിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ച ടൂറിസ്റ്റുകളെ വനം വകുപ്പു കൈയോടെ പിടികൂടി. മാലിന്യ നിർമാർജന ശിക്ഷ നൽകി വനപാലകർ. നെല്ലിയാന്പതിയിലേയ്ക്ക് എത്തിയ വിനോദ സഞ്ചാരികൾ പ്ലാസ്റ്റിക് ഉപക്ഷിക്കുന്നത് കൈയോടെ പിടികൂടിയ വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചറും സംഘവും ചേർന്ന് വിനോദ സഞ്ചാരികളെ കൊണ്ട് ആ പ്രദേശത്തെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്യുന്ന ശിക്ഷ നൽകുകയും പരിസ്ഥിതി അവബോധ ക്ലാസ്സ് നൽകുകയും ചെയ്തു.
പത്തിരിപ്പാലയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും വന്ന രണ്ട് സംഘങ്ങളെയാണ് കൈയോടെ പിടികൂടിയത്. നെല്ലിയാന്പതിയിൽ സഞ്ചാരികൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ നിരീക്ഷിക്കുന്നത് കർശനമാക്കിയത്.
നെല്ലിയാന്പതിയിൽതന്നെയുള്ള പല ഹോട്ടലുകളും ഹോംസ്റ്റേകളും ലോഡ്ജുകളും വനത്തിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നെല്ലിയാന്പതി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ആഫീസർ സി.സുമേഷ് പറഞ്ഞു.
ഫോറസ്റ്റർമാരായ കാളിമുത്തു , സലീം എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി എല്ലാമാസവും ഗ്രീനറി ഗാർഡ്സ് ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ഓരോ മാസവും ഒരു ടണോളം മാലിന്യം നെല്ലിയാന്പതിയിൽ നിന്നും ശേഖരിച്ച് നീക്കം ചെയ്യുന്നുണ്ട്.