ജോജി തോമസ്
നെല്ലിയാന്പതി: പാവങ്ങളുടെ ഉൗട്ടിയിൽ ഇനി ഓറഞ്ചിന്റെ മധുര കാലം.നെല്ലിയാന്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിൾ ഫാമിലും, ചില സ്വകാര്യ തോട്ടങ്ങളിലുമാണ് ഓറഞ്ചുകൾ വിളഞ്ഞു തുടങ്ങിയത്.2016 ൽ സർക്കാർ ഓറഞ്ച് ഫാമിൽ വച്ചുപിടിപ്പിച്ച ഓറഞ്ചുകളാണ് ഇപ്പോൾ കായ് ഫലം എടുത്തു തുടങ്ങിയത്.
ഗന്ധം കൊണ്ടും രുചി കൊണ്ടും മികവേറിയ നാഗ്പൂർ ഓറഞ്ചിന്റെ മറ്റൊരു പതിപ്പാണ് ഈ മേഖലയിൽ വിളഞ്ഞിട്ടുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഓറഞ്ച് വിളയുന്നത്.
ഓറഞ്ച് ഫാമിനകത്ത് പുതുതായി 6000 തൈകളാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇവയാണ് ഇപ്പോൾ കായ്ച്ചു തുടങ്ങിയത്. കഴിഞ്ഞ വർഷം മുതൽ ചെറിയ തോതിൽ ഓറഞ്ച് പൂത്തുതുടങ്ങിയെങ്കിലും അവ പൂർണ്ണമായും കായ് ആകുന്നതിന് വിടാതെ പരിചരണം നൽകിയിരുന്നു.
ഒരു ചെടിയിൽ നിന്ന് പരമാവധി 10 കിലോ ഓറഞ്ച് ലഭിക്കുമത്രേ.ആദ്യ വിളവെടുപ്പിൽ ഒരു ടണ്‍ ഓറഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഇടത്തരം വലിപ്പമുള്ള ഓറഞ്ചുകളാണിവ.കഴിഞ്ഞ വർഷങ്ങളിൽ പഴയ ചെടികളിൽ രണ്ടു കിലോയിൽ താഴെ മാത്രമാണ് വിളവെടുക്കാൻ കഴിഞ്ഞത്.
അത്യുൽപ്പാദന ശേഷിയുള്ള കൂർഗം മണ്ഡാരിൻ ഇനത്തിൽപെട്ട ഉയരം കുറഞ്ഞ ചെടികളാണ് കൂടുതലായും വച്ചുപിടിപ്പിച്ചിട്ടുള്ളത്.2016 ൽ നാഗ്പൂരിൽ നിന്നും എത്തിച്ച ചെടികളാണിവ. മൂന്നു വർഷം കൊണ്ട് കായ് തരുന്ന ഇവ കഴിഞ്ഞ വർഷം മുതലാണ് പൂർണ്ണമായും കായ്ച്ചു തുടങ്ങിയത്.
പുറം തോലിന്റെ കനം കുറഞ്ഞതും ജ്യൂസിന്റെ അളവ് കൂടിയതുമായ ഇനമാണിത്. വിളവെടുപ്പിന് പാകമാകുന്നതോടെ ഫാമിൽ തന്നെയുള്ള സംസ്കരണ യൂണിറ്റിൽ ഇവ സംസ്കരിച്ച് സ്ക്വാഷായി വിൽപ്പന നടത്തുന്ന രീതിയാണിവിടെ പതിവ്.