നെല്ലിയാന്പതി: ഉരുൾപൊട്ടി ഒലിച്ചുപോയ കുണ്ടറചോല കലുങ്കിന് പകരം താൽക്കാലികമായി നിർമ്മിച്ച പാലത്തിന്റെ ഭിത്തിയും ഇടിഞ്ഞു. ഉരുൾപെട്ടി ഒലിച്ചുപോയ കലുങ്കിൽ സിമന്റ് കുഴൽ സ്ഥാപിച്ച് മണൽചാക്ക് വെച്ച് അടുക്കിയാണ് താൽക്കാലിക പാലം നിർമ്മിച്ചിട്ടുള്ളത്.
ഇതിലൂടെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. നിയന്ത്രണം തുടരുന്നതിനിടയിലും കഴിഞ്ഞ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ കടന്നുപോയതോടെയാണ് താൽക്കാലിക പാലത്തിന്റെ ഭിത്തി ഇടിഞ്ഞത്. വശങ്ങളിൽ ഭിത്തിയായി മണൽചാക്കുകൾ അടുക്കിവെച്ചാണ് ഭിത്തി നിർമ്മിച്ചിരിക്കുന്നത്.
പാലത്തിലേക്ക് കയറുന്ന ഭാഗത്തിലെ വശങ്ങളിലെ മണൽചാക്കാണ് വാഹനങ്ങൾ കയറി പൊട്ടിയത്. തുടർന്നും വാഹനങ്ങൾ കടന്നുപോയതോടെ കൂടുതൽ ഭാഗങ്ങൾ പൊട്ടിതുടങ്ങി. അവധിക്കാലം തുടങ്ങിയതോടെ ദിവസേന അൻപതിലധികം ചെറുവാഹനങ്ങളാണ് നെല്ലിയാന്പതിയിലേക്ക് എത്തുന്നത്.
കൂടാതെ രണ്ടു കെ.എസ്.ആർ.ടി.സി. ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ട്. തുടക്കത്തിൽ യാത്രക്കാരെ പാലത്തിനു സമീപം ഇറക്കി ബസ് കടന്നശേഷം യാത്രക്കാരെ കയറ്റികൊണ്ട് പോയിരുന്നതെങ്കിൽ ഇപ്പോൾ യാത്രക്കാരെ ഇറക്കാതെയാണ് ബസും കടന്നുപോകുന്നത്. മണൽചാക്കുകൾ തകർന്നതോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട് ബലപ്പെടുത്തിയിരിക്കുന്നത്.
ഭാരവാഹനങ്ങൾ ക്രമാതീതമായി കടന്നുപോയാൽ താൽക്കാലിക പാലത്തിന്റെ മറ്റിടങ്ങളിലും ഇടിയാൻ സാധ്യതയുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. അപകട ഭീഷണിയിലായതിനാൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുമാരമത്ത് വകുപ്പ് റവന്യൂ വകുപ്പിനും, ആർ.ടി.ഒ.യ്ക്കും കത്തു നൽകിയിരിക്കുകയാണ്.