നെല്ലിയാന്പതി: തോട്ടം തൊഴിലാളികളും, ആദിവാസികളും തിങ്ങിപാർക്കുന്ന മലയോര മേഖലയായ നെല്ലിയാന്പതിയിലേക്ക് എത്തിച്ചേരുവാൻ ഉച്ചയ്ക്ക്ശേഷം ബസ് സർവ്വീസ് ഇല്ല. മഹാപ്രളയത്തെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടൽ മൂലം പാവങ്ങളുടെ ഉൗട്ടിയായ നെല്ലിയാന്പതിയിൽ യാതൊരുവിധ വാഹനഗതാഗതവും ഇല്ലാതെ 10 ദിവസത്തോളം നെല്ലിയാന്പതി പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കിടന്നിരുന്നു.
ആഗസ്റ്റ് 15 വരെ പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയി നിന്നും 4 കെ.എസ്.ആർ.ടി.സി ബസ്സുകളും, ഒരു സ്വകാര്യബസ്സുമാണ് നെല്ലിയാന്പതിയിലേക്ക് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പ്രളയത്തെ തുടർന്ന് രണ്ടുമാസക്കാലം നെല്ലിയാന്പതിയിലേക്കുളള ബസ് ഗതാഗതം നിലച്ചുപോയി.
കഴിഞ്ഞ ഒക്ടോബർ അവസാനത്തോടുകൂടിയാണ് വീണ്ടും നെല്ലിയാന്പതിയിലേക്കുളള 2 കെ.എസ്.ആർ.ടി.സി ബസ്സുകൾ മാത്രം സർവ്വീസ് തുടങ്ങിയത്. അതും കെ.എസ്.ആർ.ടി.സി യുടെ ഡ്യൂട്ടി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഓരോ ചാലുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കാരപ്പാറയിലേക്കുളള കെ.എസ്.ആർ.ടി.സി സർവ്വീസ് ഇതുവരെ പുനരാംഭിച്ചിട്ടില്ല.
നിലവിൽ ഓടിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസ്സും യന്ത്രതകരാർ കാരണം സർവ്വീസ് നിർത്തിയിരിക്കുകയാണ്. ഉച്ചയ്ക്ക്ശേഷം നെല്ലിയാന്പതിയിലേക്ക് പോകുവാൻ ബസ്സില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. രാവിലെ നെല്ലിയാന്പതിയിൽ നിന്നും താഴേക്ക് പോകണമെങ്കിൽ 8.30 മണിക്കുളള കെ.എസ്.ആർ.ടി.സി യാണ് ഇപ്പോൾ ആദ്യത്തെ ബസ്.
ഇതുകാരണം പാവപ്പെട്ട തോട്ടം തൊഴിലാളികളും, ആദിവാസികളും, വിദ്യാർത്ഥികളും, സർക്കാർ ജീവനക്കാരും കടുത്ത യാത്രാക്ലേശവും, സാന്പത്തിക ചൂഷണത്തിനും വിധേയരായിരിക്കുകയാണ്. ദിനംപ്രതി 383 രൂപ കൂലി വാങ്ങുന്ന ഒരു തോട്ടം തൊഴിലാളി കാരപ്പാറയിൽ നിന്ന് നൂറടി എത്തണമെങ്കിൽ ടാക്സി വാഹനത്തിന് 200 രൂപ കൊടുക്കേണ്ട ദയനീയ അവസ്ഥയാണിപ്പോൾ നെല്ലിയാന്പതിയിലുളളത്.
പാലക്കാട് ജില്ലയിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാന്പതിയിലേക്ക് പാലക്കാട് ഡിപ്പോയിൽ നിന്നുമുളള 4 കെ.എസ്.ആർ.ടി.സി സർവ്വീസുകളും ഉടൻ പുനരാരംഭിക്കണമെന്നും, നെല്ലിയാന്പതിയിലേക്ക് സിംഗിൾ ഡ്യൂട്ടി സംവിധാനം നോക്കാതെ മുഴുവൻ ചാലുകളും സർവ്വീസ് നടത്തണമെന്ന് കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്് ജെ.ആരോഗ്യം ജോയ്സണ് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും പറഞ്ഞു.