നെല്ലിയാന്പതി: നൂറുകോടി രൂപയിലധികം മുടക്കി നവീകരിക്കാൻ പദ്ധതിയിട്ട പോത്തുണ്ടി-നെല്ലിയാന്പതി റോഡിന്റെ സർവേ നടപടികൾ വനംവകുപ്പ് തടഞ്ഞു. ഏപ്രിലിൽ ലോകബാങ്ക് പ്രതിനിധികൾ റോഡ് സന്ദർശിച്ചശേഷം അടിയന്തര പ്രാധാന്യം നല്കി ആദ്യഘട്ടമായി സർവേ നടപടി തുടങ്ങിയിരുന്നു.ജോലി ഏറ്റെടുത്തിരുന്ന ലൂയിസ് ബർഗർ എന്ന കന്പനി അധികൃതർ സർവേ ഉപകരണങ്ങളുമായി പോത്തുണ്ടിയിൽ എത്തിയപ്പോഴാണ് വനം ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്.
പദ്ധതി സംബന്ധിച്ച വ്യക്തമായ വിവരങ്ങളും അനുവാദവും ആവശ്യപ്പെട്ടാണ് തടഞ്ഞതെന്ന് നെല്ലിയാന്പതി റേഞ്ച് ഓഫിസർ പറഞ്ഞു. എന്നാൽ സർവേ നടത്തുന്നത് പദ്ധതിക്ക് ആവശ്യമായി വരാവുന്ന തുക നിശ്ചയിക്കാനാണെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 26ന് ലോക ബാങ്ക് എൻജിനീയർ മൈക്കേൽ നൊഗ്യൂസും സംഘവും നേരിട്ടെത്തി പരിശോധിച്ചതോടെ റോഡിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിരുന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുള്ള പരിഗണനാ പട്ടികയിൽ 55-ാം സ്ഥാനത്തായിരുന്ന നെല്ലിയാന്പതി റോഡിന്റെ സ്ഥാനം ഇതോടെ അന്പത്തെട്ടായിരുന്നു.
റോഡ് നവീകരണവും അനുബന്ധ പ്രവൃത്തികൾക്കുമായി 100 കോടിയിലധികം രൂപയുടെ ജോലികളാണ് പ്രതീക്ഷിക്കുന്നത്.റീബിൽഡ് കേരള പദ്ധതിയിൽ നെല്ലിയാന്പതിയിലെ രണ്ടു റോഡുകളുടെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നു. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനപദ്ധതിയിൽ കെ.ബാബു എംഎൽഎ നിർദേശിച്ച പുലയന്പാറ ആനമട റോഡ്, പുലയന്പാറ-കൊട്ടയങ്കാട് റോഡ് എന്നിവയ്ക്കാണു ഭരണാനുമതി ലഭിച്ചിരുന്നത്.
ശക്തമായ മഴയെ തുടർന്ന് നെല്ലിയാന്പതി റോഡിന്റെ ഒരുവശം താഴ്ന്നുപോയിരുന്നു. ചെറുനെല്ലി-കൈകാട്ടി റോഡിൽ പുതിയതായി സംരക്ഷണഭിത്തി നിർമിച്ച ഭാഗത്താണു അപകടകരമായി റോഡ് താഴ്ന്നത്. ഭിത്തി സ്ഥാപിച്ചശേഷം പുതിയതായി നിറച്ച മണ്ണുതാഴ്ന്നുപോയതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതർ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം തടഞ്ഞിരുന്നു. വാഹനങ്ങൾ ഇതുവഴി പ്രവേശിക്കാതിരിക്കാൻ മുന്നറിയിപ്പു ബോർഡും സ്ഥാപിച്ചിട്ടുണ്ട്.