തിരുവല്ല: പത്തനംതിട്ട ജില്ലയുടെ നെല്ലറയാണ് അപ്പർകുട്ടനാട്. ജില്ലയിൽ ഏറ്റവുമധികം നെല്ല് ഉത്പാദിപ്പിക്കുന്നത് തിരുവല്ല താലൂക്ക് പടിഞ്ഞാറൻ മേഖലയിലാണ്. നാല് പഞ്ചായത്ത് പ്രദേശങ്ങളും തിരുവല്ല നഗരസഭ ഭാഗങ്ങളും അപ്പർകുട്ടനാട് പരിധിയിലാണെങ്കിലും കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ ആളില്ലാത്ത സ്ഥിതിയാണ്.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിഭവനുകൾ ഉണ്ടെന്നതൊഴിച്ചാൽ നെൽകർഷകർക്ക് സാങ്കേതിക ഉപദേശം നൽകാൻ ഉദ്യോഗസ്ഥതല സംവിധാനങ്ങളില്ലെന്ന ആക്ഷേപത്തിനു കാലങ്ങളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങൾ കൂടാതെ ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം, എടത്വ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി പ്രദേശങ്ങളും അപ്പർകുട്ടനാട് പാടശേഖരങ്ങളായി അറിയപ്പെടുന്നു.
കഴിഞ്ഞദിവസം വേങ്ങൽ പാടശേഖരത്ത് നെൽപാടത്ത് മരുന്ന് തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ടുപേർ മരിച്ചതിനേ തുടർന്നാണ് പ്രദേശങ്ങളിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പുറംലോകം അറിഞ്ഞു തുടങ്ങിയത്.
കാർഷിക പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നതിനൊപ്പം വളം, മരുന്ന് എന്നിവയുടെ വില്പനയിലാണ് പരാതികളേറെയുള്ളത്.
സർക്കാർ സംവിധാനങ്ങളിലൂടെ ഇവ വിതരണം ചെയ്യാത്തതിനാൽ സ്വകാര്യ ഏജൻസികൾ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്. നിരോധിക്കപ്പെട്ട കീടനാശിനികൾ അടക്കം വിപണിയിൽ എത്തുന്നത് ഇത്തരത്തിലാണ്. നിരോധിക്കപ്പെട്ട ഫ്യുരഡാൻ അടക്കമുള്ള മരുന്നുകൾ അപ്പർകുട്ടനാട് പ്രദേശത്ത് എത്തുന്നുണ്ട്. വാങ്ങുന്ന കീടനാശിനികളുടെ ഉപയോഗക്രമത്തെ സംബന്ധിച്ചു കർഷകർക്കു ശാസ്ത്രീയാടിസ്ഥാനത്തിൽ വിവരണം നൽകാൻ സംവിധാനങ്ങളില്ല.
മരുന്ന് വാങ്ങുന്ന കടകളിൽ നിന്നാണ് പലപ്പോഴും കർഷകർക്ക് ഉപയോഗക്രമവും പറഞ്ഞു കൊടുക്കുന്നത്. കഴിഞ്ഞദിവസം കർഷകർക്ക് ദേഹാസ്വാസ്ഥ്യത്തിനു കാരണമായ വിരാട് കന്പനിയുടെ കീടനാശിനിയാണ്. ഇത് ഉപയോഗിക്കുന്നതിൽ വിലക്കില്ലെങ്കിലും ഉപയോഗക്രമത്തിലെ പാളിച്ചയാണ് കർഷകർക്കു വിനയായത്.
അപ്പർകുട്ടനാട് പ്രദേശത്ത് ഏറ്റവുമധികം നെൽകൃഷിയുള്ള പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ ഇരുകരപ്പാടത്താണ് കീടനാശിനി തളിച്ച കർഷകത്തൊഴിലാളികൾക്കാണ് അത്യാഹിതമുണ്ടായത്.രണ്ടുമാസത്തോളമായ നെല്ലിന് ഇലചുരുട്ടിപ്പുഴുവിനെ പ്രതിരോധിക്കാനുള്ള മരുന്നാണ് തളിച്ചത്. ക്യുനാൽഫോസ്, സൈപർമെത്രിൻ എന്നിവയുടെ സംയുക്തമാണ് ഉപയോഗിച്ചതെന്നു പറയുന്നു.
പച്ചക്കറികളിലാണ് സാധാരണ ഈ മരുന്ന് കൃഷിവകുപ്പ് ശിപാർശ ചെയ്യുന്നത്. കുറഞ്ഞ അളവിൽ മാത്രമേ ഇതുപയോഗിക്കാൻ പാടുള്ളൂ. ഒരു ലിറ്ററിൽ പരമാവധി മൂന്ന് മില്ലിലിറ്റർ മരുന്ന ്ചേർക്കാനാണ് ശിപാർശ ചെയ്യാറുള്ളത്. എന്നാൽ നെല്ലിന് കർഷകർ ഇതുപയോഗിക്കുന്പോൾ പത്തു മുതൽ 30 മില്ലിലിറ്റർ വരെ ഉപയോഗിക്കാറുണ്ട്. കർഷകർക്ക് നിർദേശം നൽകാൻ ആരുമില്ലാത്തതിനാൽ ഉപയോഗക്രമം തോന്നുംപടിയാണെന്ന് അപ്പർ കുട്ടനാട് നെൽകർഷക സംഘം പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു.
കാർഷിക സർവകലാശാല അംഗീകരിച്ച കീടനാശിനികൾ മാത്രമേ അംഗീകൃത വില്പന കേന്ദ്രങ്ങളിലൂടെ വിൽക്കാൻ അനുവാദമുള്ളൂ. എന്നാൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ള മരുന്നുകളും വളവും പരിശോധിക്കാൻ സംവിധാനങ്ങളില്ല. കഴിഞ്ഞദിവസത്തെ അത്യാഹിതത്തേ തുടർന്നു മാത്രമാണ് കടകളിൽ പരിശോധന നടന്നത്.
ഓരോ പാടശേഖരവും സന്ദർശിച്ച് നെല്ലിന്റെ രോഗത്തിനും വളർച്ചയ്ക്കും അനുസൃതമായി മരുന്ന് നിർദേശിക്കണമെന്നാണ് കൃഷിവകുപ്പിന്റെ ചട്ടം. എന്നാൽ അപ്പർകുട്ടനാട് മേഖലയിൽ ഇതുണ്ടാകാറില്ല. കൃഷി ഭവനുകളിൽ എത്തുന്നവർക്ക് ഉപദേശം നൽകാറുണ്ടെങ്കിലും കൃഷി ഓഫീസർമാരുടെ സേവനം എപ്പോഴും ഈ മേഖലയിലുണ്ടാകാറില്ല.