അന്തിക്കാട്: അരിന്പൂർ ചാലാടി പഴംകോളിൽ കൊയ്ത്ത് അനിശ്ചിതത്വത്തിൽ.ഒരാഴ്ച മുന്പാണ് പടവിൽ കൊയ്ത്ത് തുടങ്ങിയത്. എന്നാൽ കൊയ്ത നെല്ല് കൊണ്ടുപോകാൻ സ്വകാര്യ മില്ലുടമകൾ തയാറാകാത്തതിനെ തുടർന്നാണ് പടവിലെ കൊയ്ത്ത് പ്രതിസന്ധിയിലായത്. ക്വിന്റൽ കണക്കിനു നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്.
ഇതോടെ കൊയ്ത നെല്ല് മുഴുവൻ കൊണ്ടുപോയതിനു ശേഷം കൊയ്ത്ത് നടത്തിയാൽ മതിയെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പടവിൽ കൊയ്ത്ത് നിലച്ചു.ചാലാടിപഴം കോൾ സഹകരണ സംഘമാണ് ഇവിടെ നിന്നും നെല്ലെടുക്കുന്നത്.
സംഘം എടുക്കുന്ന നെല്ല് സപ്ലൈകോ അധികൃതർ വഴി സ്വകാര്യ മില്ലുടമകൾക്കു നല്കുകയാണ് ചെയ്യുന്നത്. നെല്ലിന് ഈർപ്പം കൂടുതലാണെന്നതാണ് പ്രധാന ആക്ഷേപം. സഹകരണ സംഘവും മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള ഒത്തുകളിയാണ് പ്രതിസന്ധിയ്ക്കു കാരണമെന്ന് കർഷകർ ആരോപിച്ചു.
നെല്ലിന് ഈർപ്പം കൂടുതലാണെന്നു പറഞ്ഞ് തൂക്കത്തിൽ കുറയ്ക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് കർഷകർ കുറ്റപ്പെടുത്തി.നെല്ലെടുക്കൽ നിലച്ചതോടെ നെല്ലിന് കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ. ക്വിന്റൽ കണക്കിന് നെല്ല് പാടത്ത് കെട്ടിക്കിടക്കുന്ന കാഴ്ച ഏറെ ദയനീയമാണ്.
മഴ പെയ്താൽ ചാക്കുകളിലൂടെ വെള്ളമിറങ്ങി നെല്ല് നശിക്കാനും സാധ്യതയുണ്ട്. ഉമ വിത്താണ് പടവിൽ കൃഷിയിറക്കിയിട്ടുള്ളത്. വിതകഴിഞ്ഞിട്ട് 150 ദിവസമായി.130 ദിവസമായാൽ വിളവെടുപ്പ് നടത്താൻ കഴിയുന്നതാണ് ഉമ നെൽവിത്ത്.
വിളവെടുപ്പിന്റെ സമയവും കഴിഞ്ഞ് 20 ദിവസമായിട്ടും നെല്ലിന് എന്ത് ഈർപ്പമെന്നാണ് കർഷകർ ചോദിക്കുന്നത്.
ഓരോ കാരണങ്ങൾ പറഞ്ഞ് തൂക്കം കുറച്ചാൽ ലക്ഷങ്ങളാണ് സംഘത്തിനും മില്ലുടമകൾക്കും ലഭിക്കുക. മില്ലുടമകളിൽ നിന്ന് കമ്മീഷൻ പറ്റുന്ന സപ്ലൈകോ ഉദ്യോഗസ്ഥരുമുണ്ടെന്ന് കർഷകർ ആരോപിച്ചു.കൊയ്ത് ചാക്കിലാക്കിയ നെല്ല് കൊണ്ടു പോകാതെ പടവിൽ ഇനി കൊയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
കൃഷിമന്ത്രി ഇടപെട്ട് എത്രയും വേഗം നെല്ല് കൊണ്ടു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.