കോട്ടയം: തൊണ്ണൂറ്റിയഞ്ചാം ദിവസം കൊയ്യാവുന്നതുൾപ്പെടെ കുറഞ്ഞ സമയപരിധിയിൽ കൃഷി ചെയ്യാവുന്ന രണ്ടിനം പുതിയ നെൽവിത്തുകൾ കേരള കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം നെൽകൃഷിയ്ക്കു ഭീഷണിയായിരിക്കെ പ്രതിരോധശേഷിയുള്ളതും മൂന്നര മാസത്തിനുള്ളിൽ കൊയ്ത്തു നടത്താവുന്നതുമായ പുതിയ ഇനങ്ങൾ വൈകാതെ കർഷകരിലെത്തും. പുതിയ ഇനങ്ങൾക്കു കൃഷി അനുമതി നൽകാൻ കാർഷിക ഗവേഷകർ അംഗങ്ങളായ വെറൈറ്റി റിലീസിംഗ് കമ്മിറ്റി അടുത്ത മാസം യോഗം ചേരും.
വിതച്ചു പതിമൂന്നര ആഴ്ചകൾക്കുള്ളിൽ കൊയ്യാവുന്ന ഇനം മണ്ണുത്തിയിലും 115 ദിവസത്തെ വിളവുള്ള ഇനം മങ്കൊന്പിലുമാണ് അഞ്ചു വർഷത്തിലേറെ നീണ്ട ഗവേണത്തിലാണു വികസിപ്പിച്ചു മാറുന്ന കാലാവസ്ഥയ്ക്കു അനുയോജ്യമാണെന്നു കണ്ടെത്തിയത്. രണ്ടിനങ്ങൾക്കും പേരിട്ടിട്ടില്ല. ഒരു ഹെക്ടറിൽനിന്ന് ആറു മുതൽ ഏഴുവരെ ടണ്‍ വിളവ് ലഭിക്കുന്ന പുതിയ ഇനങ്ങൾ കേരളത്തിലെവിടെയും കൃഷിക്കു അനുയോജ്യമാണെന്നു തെളിഞ്ഞതായി കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ. സാജൻ കുര്യൻ പറഞ്ഞു.
1977ൽ പട്ടാന്പി നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ച ജ്യോതി, മങ്കൊന്പ് നെല്ലു ഗവേഷണ കേന്ദത്തിൽനിന്നുള്ള ഉമ നെല്ലിനങ്ങളാണ് കേരളത്തിലെ 80 ശതമാനം പാടങ്ങളിലും നിലവിൽ കൃഷി ചെയ്യുന്നത്. ഹെക്ടറൊന്നിന് എട്ടു ടണ്‍വരെ വിളവു ലഭിക്കുന്ന ഉമയ്ക്ക് 135 ദിവസവും ഏഴു ടണ്‍ വിളവുള്ള ജ്യോതിക്ക് 120 ദിവസവുമാണ് വിളവിനുള്ള കാലം. കേരളത്തിൽ നിന്നുള്ള മട്ട അരിയുടെ കയറ്റുമതിയുടെ 95 ശതമാനവും ജ്യോതിയാണ്.
രണ്ടു വർഷം മുൻപ് മങ്കൊന്പ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചു പാടങ്ങളിലെത്തിച്ച ശ്രേയസ്, പ്രത്യാശ ഇനങ്ങൾക്കുശേഷമാണ് മൂന്നര മാസത്തിനുള്ളിൽ ഇനം വികസിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട വിളവു കിട്ടുന്ന ശ്രേയസിനും പ്രത്യാശയ്ക്കും 115 ദിവസമാണു വിളവുകാലം.
ജൂണിൽ കർഷകരിലെത്തിക്കുന്ന പുതിയ ഇനങ്ങൾകൊണ്ട് വർഷം മൂന്നു കൃഷി നടത്തി ഉത്പാദനം വർധിപ്പിക്കാനാകും. കേരളത്തിൽ താളം തെറ്റിയ ഞാറ്റുവേല ക്രമത്തിൽ നെൽകൃഷി വലിയ പ്രതിസന്ധിയാണു കർഷകരിലുണ്ടാക്കുന്നത്. മടവീഴ്ച, വേനൽമഴ, ഓരുവെള്ളം തുടങ്ങിയ പരിമിതികളിൽ കൃഷി നാശം ഒഴിവാക്കി കുറഞ്ഞ കാലത്തിനുള്ളിൽ വിളവെടുക്കാൻ പറ്റുന്ന പുതിയ നെല്ലിനങ്ങൾ കേരളത്തിനു നേട്ടമാകും.
ഓരുവെള്ളത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള പൊക്കാളി തുടങ്ങിയ തദ്ദേശിയ ഇനങ്ങൾ പ്രയോജനപ്പെടുത്തി ഉത്പാദനത്തിലും പ്രതിരോധത്തിലും മെച്ചപ്പെട്ട ഇനങ്ങൾ വികസിപ്പിക്കാൻ വൈറ്റില നെല്ലു ഗവേഷണ കേന്ദ്രത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.