ഒറ്റപ്പാലം: മകരക്കൊയ്ത്തിൽ നൂറുമേനി വിളവു ലഭ്യമാകുന്നതിനാൽ കാർഷിക സമൃദ്ധിയിൽ വള്ളുവനാടൻ കർഷകരുടെ മനംനിറഞ്ഞു. നഷ്ടത്തിന്റെ കണക്കുകൾ മാത്രം നിരത്താനുണ്ടായിരുന്ന നെൽകർഷകർക്ക് ഇത്തവണ പറയാനുള്ളത് നിറസമൃദ്ധിയുടെ മേനിയാണ്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിളവെടുപ്പ് ലാഭത്തിലായെന്നാണ് ഭൂരിഭാഗം കർഷകരും പറയുന്നത്. കൃഷിവകുപ്പിന്റെ കർഷകരോടുള്ള ഉദാര സമീപനവും വിവിധ സബ്സിഡികളും മികച്ച വിളവ് കൊയ്തെടുക്കാൻ കർഷകർക്ക് സഹായകരമായി.
ചിലയിടങ്ങളിൽ മാത്രം കർഷകത്തൊഴിലാളികളെകൊണ്ട് മകരക്കൊയ്ത്ത് നടത്തിയെങ്കിലും കൊയ്ത്തുയന്ത്രങ്ങൾ തന്നെയാണ് ഭൂരിഭാഗം കൃഷിയിടങ്ങളിലും കർഷകർ ഉപയോഗപ്പെടുത്തിയത്. കൊയ്ത്തുയന്ത്രം വന്നതോടെ സമീപകാലത്ത് കൊയ്ത്തിനായി ഉപയോഗിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളെയും ഇത്തവണ പടിക്ക് പുറത്തുനിർത്താൻ കർഷകർക്ക് കഴിഞ്ഞു.
പ്രളയം സമ്മാനിച്ച ദുരിതങ്ങളെല്ലാം മറികടന്ന് പിന്നെയും വിളവിറക്കിയ കർഷകരുടെ ഇച്ഛാശക്തിയുടെ വിജയംകൂടിയാണ് ഇത്തവണ മികച്ച വിളവെടുപ്പിന് കാരണമായത്. മുൻ വർഷങ്ങളിലെല്ലാം നെല്ലറയുടെ നാട്ടിൽനിന്നും കർഷകരുടെ ദീനരോദനമാണ് കേട്ടിരുന്നതെങ്കിൽ ഇത്തവണ ലാഭത്തിന്റെ കണക്കുകളും ബാക്കിപത്രമായി കർഷകർ ചൂണ്ടിക്കാണിക്കുന്നു.
ഭൂരിഭാഗം കൃഷിഭൂമികളിലും മകരക്കൊയ്ത്ത് അതിന്റെ മൂർധന്യത്തിലെത്തിയിട്ടുണ്ട്. ഇത്തവണയും മുഞ്ഞയുടെയും ഇലചുരുട്ടിപുഴു, ഓലകരിച്ചിൽ പോലുള്ളവയുടെ ശല്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതെല്ലാം ഫലപ്രദമായി മറികടക്കാനും മികച്ച വിളവെടുപ്പ് നടത്താനും വള്ളുവനാട്ടിലെ കർഷകർക്ക് കഴിഞ്ഞുവെന്നുള്ളതാണ് യാഥാർത്ഥ്യം.
മകരക്കൊയ്ത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥികളായി പറന്നെത്തിയ കൊറ്റിക്കൂട്ടങ്ങൾ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. വംശനാശ ഭീഷണി നേരിടുന്ന കൊറ്റിക്കൂട്ടങ്ങൾ കാർഷികസമൃദ്ധിയുടെ സൂചന കൂടിയാണ്. മകരക്കൊയ്ത്തിനൊങ്ങി നിറകതിരായി നില്ക്കുന്ന നെൽചെടികൾക്കിടയിൽ ഇരതേടിയെത്തുന്ന കൊറ്റിക്കൂട്ടങ്ങൾ അപൂർവ ചാരുതയാർന്ന കാഴ്ചവട്ടമാണ്.
ലാഭനഷ്ടങ്ങളുടെ തുലാസിൽ തൂക്കിനോക്കുന്പോൾ ഇത്തവണ കർഷകർക്ക് സന്തോഷം പകരുന്ന സ്ഥിതിയാണ് ഉണ്ടാവുകയെന്ന് ഉറപ്പായി. ഇത് കർഷക ഹൃദയങ്ങളിൽ കുളിരുകോരുന്ന അനുഭൂതിയാണ്. എല്ലാവർഷവും നഷ്ടത്തിന്റെ കണക്കുകൾ മാത്രം ബാക്കിയാകുന്ന നെൽകർഷകർക്ക് ഇത്തവണ നേട്ടത്തിന്റെയും ലാഭത്തിന്റെയും നീക്കിയിരിപ്പുകൂടി അവകാശപ്പെടാനാകും എന്നുള്ളതാണ് യാഥാർത്ഥ്യം.
ഭൂരിഭാഗം കൃഷിയിടങ്ങളിലും നൂറുമേനിതന്നെ വിളഞ്ഞിട്ടുണ്ടെന്നുള്ളതാണ് അനുഭവസാക്ഷ്യം. സപ്ലൈകോ കർഷകർക്ക് ന്യായമായ വിലനല്കിയുള്ള നെല്ലുസംഭരണം കൂടുതൽ കാര്യക്ഷമമാക്കിയതോടെ ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും രക്ഷനേടാനും കർഷകർക്ക് കഴിഞ്ഞു.
കുംഭസൂര്യൻ കനലെരിയുന്നതിന്നു മുന്പുതന്നെ മകരക്കൊയ്ത്ത് പൂർണമാകുമെന്നുള്ള കാര്യം ഉറപ്പാണ്. പിന്നീടുള്ള മാസങ്ങൾ വള്ളുവനാട്ടിൽ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വേലകളുടെയും നാളുകളാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽനിന്നും പിന്നീട് ആർപ്പുവിളികൾ ഉയരുന്നതും കാർഷിക സമൃദ്ധിയുടെ വിളംബരമാണ്.
കുംഭവും മീനവും കഴിഞ്ഞാൽ മേടമാസത്തിൽ വീണ്ടും കർഷകർ വിത്തിറക്കുന്നതോടുകൂടി കൂടിയാണ് വീണ്ടും കാർഷികമേഖല വീണ്ടും സജീവമാകുന്നത്. ഇത്തവണ യഥാസമയം വെള്ളവും കാലാവസ്ഥയുടെ അനുകൂല സാഹചര്യവും മികച്ച വിളവെടുപ്പിന് കാരണമായതായി കർഷകർ വിലയിരുത്തുന്നു.
കൊയ്ത്തു കഴിഞ്ഞതും കൊയ്യാനിരിക്കുന്നതുമായ നെൽപ്പാടങ്ങൾ മുഴുവൻ നൂറുമേനി തന്നെയാണ് സമ്മാനിക്കാൻ പോകുന്നതെന്നാണ് കർഷകരുടെ അഭിപ്രായം.