തിരുവനന്തപുരം: നെല്ലിന്റെ ചാരത്തിൽനിന്നു സിമന്റ് ഇഷ്ടികകൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വികസനം ഒരുക്കുകയാണ് സാങ്കേതിക സർവകലാശാല.
കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് സർവകലാശാല ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.
റൈസ് മില്ലിംഗ് വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനായി 36 റൈസ് മില്ലുടമകൾ ചേർന്ന് രൂപീകരിച്ച കൺസോർഷ്യം ഇന്ത്യാ ഗവൺമെന്റിന്റെ എംഎസ്എം ഇ മന്ത്രാലയത്തിന്റെ മൈക്രോ സ്മോൾ എന്റർപ്രൈസസ് ക്ലസ്റ്റർ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലുള്ള അധ്യപകരുടെ സാങ്കേതിക നൈപുണ്യം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെല്ലാണു നേതൃത്വം നൽകുന്നത്.
സിമന്റ് ഉത്പാദനം വളരെ ചെലവേറിയതും പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുന്നതും ആയ പ്രക്രിയ ആയതിനാൽ ബദൽ ആയാണു നെല്ലിന്റെ ചാരത്തിൽനിന്നുള്ള സിമന്റ് ഉത്പാദനത്തെ കണക്കാക്കുന്നത്.
വയലുകളിൽ വൻതോതിൽ വൈക്കോൽ കത്തിക്കുന്നതും അനിയന്ത്രിതമായ നിർമാർജനവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ നെല്ല് ഉപയോഗിച്ചുള്ള സിമന്റ് ഉത്പാദനം കെട്ടിട നിർമാണ വ്യവസായത്തിൽ വൻ ജനപ്രീതി നേടിയിട്ടുണ്ട്.