മങ്കൊന്പ് (ആലപ്പുഴ): ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നു നെല്ലു സംഭരണം നിലച്ചതോടെ കുട്ടനാടിന്റെ നെഞ്ചിൽ തീയാളുന്നു. കൊയ്തുകൂട്ടിയ നെല്ല് പലേടത്തും പാടത്തു കിടക്കുകയാണ്.വിളവെടുത്ത നെല്ലു സംഭരിക്കുന്നതിനു നിലവിലെ സാഹചര്യത്തിൽ ലോറികളാവശ്യമില്ലെന്നാണ് കുട്ടനാട്ടിലെ കർഷകർ പറയുന്നത്.
സംഭരിക്കുന്ന നെല്ല് സൂക്ഷിക്കാൻ കുട്ടനാട്ടിൽത്തന്നെ താത്കാലിക ഗോഡൗണുകളൊരുക്കുകയാണ് നല്ലത്. ആദ്യകാലങ്ങളിൽ ഈ രീതി സപ്ലൈകോ സ്വീകരിച്ചിരുന്നു. നിലിവൽ കായൽ നിലങ്ങൾ റോഡു സൗകര്യമില്ലാത്തവയാണ്. ചില പാടശേഖരങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ, എല്ലായിടത്തും വള്ളമെത്തും.
റോഡു സൗകര്യമുള്ള സ്ഥലത്തു വള്ളത്തിൽ എത്തിച്ചു ലോറിയിൽ കയറ്റി മില്ലുകളിലേക്കു കൊണ്ടുപോകുകയാണ് പതിവ്. വള്ളങ്ങളിൽ കയറ്റിക്കൊണ്ടുപോകുന്ന നെല്ല് കുട്ടനാട്ടിൽ താല്കാലിക ഗോഡൗണുകൾ കണ്ടെത്തി അവിടെ സൂക്ഷിക്കാം.
പിന്നീട് മില്ലുടമകളുടെ സൗകര്യപ്രകാരം ഇവിടെനിന്ന് എടുത്തുകൊണ്ടു പോകാവുന്നതാണ്. കായൽ രാജാവായ മുരിക്കന്റേതടക്കം നിരവധി പഴയ ഗോഡൗണുകൾ കുട്ടനാട്ടിലുണ്ട്. ഇങ്ങനെ വന്നാൽ വിളവെടുക്കുന്ന മുറയ്ക്ക് നെല്ലു സംഭരണം നടത്താനാകും.
കുട്ടനാട്ടിലെ കർഷകരുടെ ആശങ്ക ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യമന്ത്രിയെയും കൃഷിമന്ത്രിയെയും അറിയിച്ചിരുന്നു.
പ്രശ്നപരിഹാരത്തിനായി ഇന്നു രാവിലെ 10.30ന് മന്ത്രിതല യോഗം ആലപ്പുഴ കളക്ടറേറ്റിൽ ചേരും. മന്ത്രി ജി.സുധാകരൻ, ഡോ.ടി.എം.തോമസ് ഐസക്, വി.എസ്.സുനിൽകുമാർ, പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും.
പാടത്തെ കണ്ണീർക്കാഴ്ച
കുട്ടനാട്ടിലെ ഏറ്റവും വിസ്തൃതിയുള്ള കൃഷിയിടമായ ഇ-ബ്ലോക്ക് ഇരുപത്തിനാലായിരം കായൽ, ഐ ബ്ലോക്ക് മൂവായിരത്തിയഞ്ഞൂറ്, 600 ഏക്കർ വീതം വിസ്തൃതിയുള്ള വടക്കേ ആറായിരം, തെക്കേ ആറായിരം കായലുകൾ, നീലംപേരൂർ, നെടുമുടി, കൈനകരി കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങൾ എന്നിവിടങ്ങളിലും ലോഡു കണക്കിനു നെല്ല് വെയിലും മഴയുമേറ്റു കിടക്കുകയാണ്.
ഇ ബ്ലോക്കു കായലിൽ മാത്രം നിലവിൽ 400 ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്. 2,400 ഏക്കർ വരുന്ന കായലിൽ ഇനിയും 800 നും ആയിരത്തിനുമിടയിൽ വിളവെടുപ്പു ബാക്കിയുണ്ട്.
ആറായിരം, തെക്കേ ആറായിരം കായലുകളിൽ ഇപ്പോൾ വിളവെടുപ്പു പുരോഗമിക്കുകയാണ്. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന ആക്കനടി പാടശേഖരത്തിൽ 15 ദിവസത്തോളമായ നെല്ലാണ് ഇനിയും സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്.