മങ്കൊന്പ്: ലോക്ഡൗണ്‍ കാലത്ത് കർഷകർക്ക് വേദനയായി നെല്ല് കെട്ടിക്കിടക്കുന്നു. നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നെല്ലാണ് പത്തു ദിവസത്തോളമായി സംഭരിക്കാനാകാതെ കെട്ടിക്കിടക്കുന്നത്. 90 ഏക്കറിനടുത്തു വരുന്ന പാടശേഖരത്തിൽ 21നാണ് വിളവെടുപ്പാരംഭിച്ചത്.
24 നു പൂർത്തിയായി. ഇതുവരെ നെല്ലു സംഭരിക്കാനാകാത്തത് കർഷകരെ അങ്കലാപ്പിലാക്കുന്നു. നേരത്തെ മില്ലുടമകൾ സ്ഥലത്തെത്തി നെല്ലു പരിശോധിച്ചിരുന്നു.
കത്തുന്ന വേനൽചൂടിലും നെല്ലിന് ഈർപ്പമുണ്ടെന്നു പറഞ്ഞാണ് മില്ലുടമകളും ഇടനിലക്കാരും നെല്ലെടുക്കാൻ വൈകുന്നത്. എന്നാൽ, തങ്ങളിൽ നിന്നു കിഴിവ് ഈടാക്കാനുള്ള തന്ത്രമാണിതെന്നാണ് കർഷകർ പറയുന്നത്. കർഷകരുടെ പരാതിയെത്തുടർന്ന് ഇന്നലെ നെടുമുടി കൃഷി ഓഫീസർ സ്ഥലത്തെത്തി.
വളരെ ചെറിയ പാടശേഖരത്തിൽ ഒന്നും, രണ്ടും ഏക്കർ കൃഷിയുള്ള സാധാരണ കർഷകരാണേറെയും. ഏതുനിമിഷവും എത്താവുന്ന വേനൽമഴ കർഷകരിൽ ആശങ്കയുണ്ടാക്കുന്നു.
അടുത്ത കാലത്തുണ്ടായ നെല്ലുമോഷണങ്ങളും കർഷകരെ വീട്ടിലിരുത്താൻ അനുവദിക്കുന്നില്ല. കൊറോണ ഭീഷണിയെയും അതിജീവിച്ച് രാത്രിയും പകലുമില്ലാതെ പാടത്തു കൂട്ടിയിട്ടിരിക്കുന്ന നെല്ലിനു കാവലിരിക്കുകയാണു കർഷകർ.