തിരുവല്ല: കൊയ്തെടുത്ത നെല്ല് നനഞ്ഞുവെന്നതിന്റെ പേരിൽ മില്ലുടമകൾ കർഷകരുമായി വിലപേശുന്നു. പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്ന നെല്ലിൽ ജലാംശം പിടിപെട്ടതോടെ അളവിൽ കുറവ് വരുത്തുകയാണ് മില്ലുടമകൾ.
നനവുള്ള നെല്ല് സംഭരിച്ചാൽ നഷ്ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ വാദം. നനവിന്റെ പേരിൽ 100 കിലോഗ്രാമിന് അഞ്ച് കിലോയാണ് കുറവ് വരുത്തിവന്നത്.
ഇതു പത്തു കിലോഗ്രാം വരെ വേണ്ടിവരുമെന്നാണ് മില്ലുടമകൾ പറയുന്നത്. ഒരു ക്വിന്റൽ നെല്ല് കർഷകരിൽനിന്ന് ഏറ്റെടുത്താൽ ഇത് 64 കിലോ അരിയാക്കി വേണം മില്ലുകാർ സർക്കാരിലേക്കു തിരികെ നൽകേണ്ടത്.
നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള സംവിധാനം അപ്പർകുട്ടനാട്ടിലെ കർഷകർക്കില്ല. കഴിഞ്ഞയാഴ്ച കൊയ്തെടുത്ത നെല്ല് മുളച്ചു തുടങ്ങി.
വൻതുക ചെലവഴിച്ചാണ് ഇത്തവണ കൊയ്ത്ത് പൂർത്തിയാക്കിയതു തന്നെ. പാടശേഖരങ്ങളിൽ ചെളി രൂപപ്പെട്ടതോടെ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക കുത്തനെ ഉയർത്തിയിരുന്നു.
മണിക്കൂറിന് 1800 രൂപയിൽനിന്ന് 2100 – 2300 രൂപവരെയാക്കി. കൂടുതൽ സമയമെടുത്താണ് കൊയ്ത്ത് നടത്തിയതും.