കോട്ടയം: കൊടുംവേനലില്‍ കഷ്ടപ്പെട്ട് കൃഷിചെയ്ത നെല്ല് കൊയ്തെടുത്തു കൂട്ടിയെങ്കിലും സംഭരിക്കാന്‍ ആരുമെത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. നെല്ല് മോശമെന്ന കാരണം പറഞ്ഞ് ഏജന്റുമാര്‍ ആരും സംഭരിക്കാനെത്താത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇതിനിടയില്‍ മഴയെത്തിയത് കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീയുമായി.
പാടത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ലിനു സമീപം പടുതയുമായി കിഴക്കോട്ട് നോക്കിനില്‍ക്കുകയാണ് കര്‍ഷകര്‍. ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ ഉച്ചകഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും മഴയെത്താം. മഴയില്‍ നെല്ല് നനയാതെ മൂടിയിടണം. മൂടിയിട്ട നെല്ല് ആവിച്ച് പോകാതിരിക്കാന്‍ പിറ്റേ ദിവസം പുലര്‍ച്ചെ വെയില് തെളിയുമ്പോള്‍ പടുത മാറ്റി ഉണക്കാനായി ചിക്കിയിടണം.
തിരുവാര്‍പ്പ് പഞ്ചായത്ത് ചെങ്ങളം കേളക്കരി മാടപ്പള്ളിക്കാട്ട് 160 ഏക്കര്‍ പാടശേഖരത്തിലെ കൊയ്തെടുത്ത നെല്ല് മുഴുവന്‍ രണ്ടാഴ്ചയായി പാടത്തു കിടക്കുകയാണ്. 72 കര്‍ഷകരാണ് ഇവിടെ പുഞ്ചകൃഷിയിറക്കിയത്. പലിശയ്ക്കു പണം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ മികച്ച വിളവാണ് പ്രതീക്ഷിച്ചത്.
കൊടുംചൂട് പ്രതീക്ഷ തകര്‍ത്തു
എന്നാല്‍ മാര്‍ച്ച്-ഏപ്രില്‍ മാസത്തെ കൊടുംചൂട് ഇവരുടെ പ്രതീക്ഷ തകര്‍ത്തു. ഇതോടെ വിളവ് നേര് പകുതിയില്‍ താഴെയായി കുറയുകയും നെല്ല് മോശമാകുകയും ചെയ്തു. ഒരേക്കറില്‍ 25 ക്വിന്റല്‍വരെ നെല്ല് ലഭിച്ചിരുന്ന പാടത്ത് ഇത്തവണ അഞ്ചു മുതല്‍ 10 വരെ ക്വിന്റല്‍ നെല്ലാണ് ലഭിച്ചത്.
വിളവ് കുറഞ്ഞതിനു പുറമേ കൊയ്തെടുത്ത നെല്ല് സംഭരിക്കാന്‍ ആളെത്താതെ വന്നതോടെയാണ് കര്‍ഷകര്‍ ആകെ ദുരിതത്തിലായത്. കൃഷിഭവനിലും പാഡി ഓഫീസിലും എല്ലാം വിവരം അറിയിച്ചിട്ടും സംഭരണക്കാര്‍ ഇതുവരെയെത്തിയിട്ടില്ല.
നെല്ല് മോശമാണെന്നും അരി കുറയുമെന്നാണ് സംഭരിക്കാനെത്തുന്ന ഏജന്റുമാര്‍ സ്ഥിരമായി പറയുന്നത്. ഒരു ക്വിന്റല്‍ നെല്ലിന് 72 കിലോ അരിയാണ് ലഭിക്കുന്നത്. ഒരു ക്വിന്റലിനു 2820 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. വൈകി സംഭരിച്ചാല്‍ ഇനി എന്നാണ് സംഭരിച്ച നെല്ലിന്റെ പണം കിട്ടുന്നതെന്നാണ് കര്‍ഷകർ ചോദിക്കുന്നത്.
വിരിപ്പുകൃഷി പ്രതിസന്ധിയിൽ
പൈസ കിട്ടിയിട്ടു വേണം വിരിപ്പുകൃഷിയിറക്കാന്. ജൂണ്‍ പകുതിയോടെ വിരിപ്പുകൃഷിക്കുള്ള പണികള്‍ തുടങ്ങണം. പുഞ്ച കൃഷിയുടെ നെല്ലുപോലും സംഭരിക്കാന്‍ സാധിക്കാതെ എങ്ങനെ വിരിപ്പുകൃഷിയുടെ പണികള്‍ തുടങ്ങുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.
നെല്ലു സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ വിരിപ്പു കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
തിരുവാര്‍പ്പില്‍ മാത്രമല്ല മാടേക്കല്‍, അയ്മനം, പരിപ്പ്, കല്ലറ, പെരുന്തുരുത്ത്, നാട്ടകം തുടങ്ങിയ പ്രദേശങ്ങളിലും ഏക്കറു കണക്കിനു പാടശേഖരങ്ങളില്‍ കൊയ്തെടുത്ത നെല്ല് പാടത്തു കിടക്കുകയാണ്.
സര്‍ക്കാരും കൃഷിവകുപ്പും സപ്ലൈകോയും അടിയന്തരമായി നെല്ലു സംഭരിക്കണമെന്നും അല്ലാത്തപക്ഷം കൊയ്തെടുത്ത നെല്ല് ഉപേക്ഷിച്ച് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് വരുമെന്നും ചെങ്ങളം കേളക്കരി മാടപ്പള്ളിക്കാട് പാടശേഖര സമിതി പ്രസിഡന്റ് എം.എ. കുഞ്ഞുമോന് പറഞ്ഞു.