നെന്മാറ: പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ കൊയത്ത് തകൃതിയിൽ നടക്കുന്നുണ്ടെങ്കിലും സപ്ലൈകോ നെല്ലുസംഭരണം തീരുമാനമാകാത്തതിനാൽ ചെറുകിട കർഷകരിൽ പലരും നെല്ല് സ്വകാര്യ മില്ലുകളിലേക്കു അളന്നുവിടുന്നു. സപ്ലൈകോ നെല്ലുസംഭരണം തുടങ്ങാത്തതു ലാക്കാക്കി സ്വകാര്യമില്ലുകൾ 14 മുതൽ 16 രൂപവരെയാണ് നെല്ലെടുക്കുന്നത്.
സർക്കാർ നെല്ലെടുക്കുന്നതിനു രജിസ്റ്റർ ചെയ്ത കർഷകരുടെ സ്ഥിതിയും ഇതു തന്നെയാണ്. കൊയ്ത നെല്ല് ഉണക്കിയും പതിരു കളഞ്ഞും മാത്രമേ സപ്ലൈകോ അളന്നെടുക്കൂവെന്ന മാനദണ്ഡവും നെല്ല് എന്നുമുതൽ അളന്നെടുക്കുമെന്ന ഉറപ്പും ലഭിക്കാതായയതോടെ കഷകർ ഏറെ ആശങ്കയിലാണ്.
ആഴ്ചകൾക്കുമുന്പ് പെയ്ത മഴയിൽ വിളവെള്ളത്തിന് അടിയിലായതിനാൽ നെല്ല് ഗുണമേന്മക്കുറവെന്ന് സ്വകാര്യമില്ലുകാർ.കൊയ്ത്തുയന്ത്രംവഴി കൊയതെടുത്ത നെല്ല് അന്നേദിവസം അളന്നു കൊണ്ടുപോകാൻ കഴിയാത്തതും വാഹനങ്ങളിൽ കയറ്റി കളങ്ങളിൽ ശേഖരിച്ച് തൊഴിലാളികളെകൊണ്ട് ഉണക്കിയെടുക്കുന്നതും കർഷകരെ ഏറെ വലയ്ക്കുന്നു.
അതിനാൽ കർഷകരിൽ പലരും സ്വകാര്യമില്ലുകൾക്ക് അളന്നുകൊടുക്കുവാൻ സന്നദ്ധരാകുന്നു. നെല്ലിന്റ വില ഉടനെ ലഭിയ്ക്കുന്നതും കർഷകരെ സ്വകാര്യ മില്ലുകളിലേയ്ക്കുള്ള കച്ചവടത്തിന് പ്രേരിപ്പിക്കുന്നു. കൊയത്ത് യന്ത്രത്തിന്റെ വാടകനിരക്ക് ഏകീകരിക്കാത്തതും കർഷകരെ ഏറെ നഷ്ടമുണ്ടാക്കുന്നു.
അയിലൂർ, ഇടപ്പാടം, കോഴിക്കാട് പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ തൊഴിലുറപ്പുപ്പണികൾ തുടങ്ങിയതോടെ കൊയ്ത്തിനും മറ്റു പണികൾക്കും തൊഴിലാളികളുടെ ലഭ്യത കുറവ് കർഷകരെ പ്രയാസമാകുന്നു.കൊയ്തെടുത്ത നെല്ലുഉണക്കുന്നതിന് ഇതുമൂലം കാലതാമസമുണ്ടാകുന്നു.