എടത്വ: കുട്ടനാട്ടില്‍ പാടശേഖരത്ത് വിളവെടുപ്പിനു ശേഷം വില്‍ക്കാനായി പാടത്തു കൂട്ടിയിട്ടിരുന്ന നെല്ല് മോഷണം പോയിട്ട് രണ്ടു വര്‍ഷം. പ്രതികളെപ്പറ്റി യാതൊരു സൂചനയുമില്ലാതെ പോലീസ് വിയർക്കുന്നു.
കുട്ടനാട്ടില്‍ മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഈ മോഷണക്കേസിലെ പ്രതികളെ കണ്ടെത്താനാകാതെ രണ്ടു വര്‍ഷമായിട്ടും പോലീസ് ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയാണ്.
നാട്ടുകാര്‍ പ്രതികളെപ്പറ്റി വ്യക്തമായ സൂചന നല്‍കിയിട്ടും പോലീസ് ഇവരെ പിടിക്കാനോ ചോദ്യം ചെയ്യാനോ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ഒക്ടോബര്‍ 29 നായിരുന്നു തായങ്കരി ചുങ്കം പാടശേഖരത്തില്‍ വിളവെടുപ്പിനുശേഷം സപ്ലൈകോയ്ക്ക് നല്‍കാനായി മൂടിയിട്ടിരുന്ന 70 ക്വിന്റലോളം നെല്ല് മോഷണം പോയത്.
എടത്വ കുഴിവേലിക്കളം സിബിച്ചന്റെ ഉടമസ്ഥതയിലുള്ള നെല്ലാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. കൊണ്ടുപോകാന്‍ പറ്റാതെ ഏഴ ചാക്കുകളില്‍ നിറച്ചുവെച്ച നെല്ല് പാടത്ത് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു.
പാടശേഖരത്ത് കൂട്ടിയിട്ട നെല്ല് ചാക്കില്‍ വാരിക്കയറ്റി മോഷണം നടത്തണമെങ്കില്‍ മണിക്കൂറുകളുടെ സമയവും നിരവധി ആളുകളും വേണം. ഒരാള്‍ ഒറ്റയ്ക്കു നടത്തിയ മോഷണമായിരുന്നില്ല ഇത്.
മോഷണവിവരം അറിഞ്ഞയുടനെ സിബിച്ചന് എടത്വ പോലീസില്‍ പരാതി നല്‍കിയിരുന്നു. എടത്വ പോലീസ് സ്റ്റേഷനില്‍ എസ്ഐമാര്‍ മാറി മാറിയെത്തിയെങ്കിലും തെളിവില്ലെന്ന കാരണം പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു.
പ്രതികളെക്കുറിച്ച് സൂചനകള്‍ പരാതിക്കാരന് നല്‍കിയെങ്കിലും ഇവരെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയാറായില്ലെന്നാണ് സിബിച്ചന് പറയുന്നത്.
പിന്നീട് പലവട്ടം കേസുമായി ബന്ധപ്പെട്ട് സിബിച്ചന് സ്റ്റേഷനില്‍ എത്തിയെങ്കിലും അന്വേഷണം നടക്കുകയാണെന്ന പതിവ് മറുപടി മാത്രമാണ് ലഭിച്ചത്.
നെല്ല് വിളവെടുത്ത് കഴിഞ്ഞാല്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ നെല്ലുസംഭരണം കഴിയുന്നതുവരെ ആഴ്ചകളോളം നെല്ല് കിടക്കുന്നത് പതിവാണ്.
മോഷണക്കേസിലെ പ്രതികളെ ഇനിയും പിടികൂടാനാകാത്തത് കര്‍ഷകരുടെ മനസില്‍ ആശങ്കയുണ്ടാക്കുന്നു. ഇതുമൂലം പല കര്‍ഷകരും കൃഷി കഴിഞ്ഞാല്‍ രാത്രികാലങ്ങളില്‍ പാടങ്ങളില്‍ നെല്ലിനു കാവല്‍ കിടക്കുകയാണ്.