കോട്ടയം: കർഷകരിൽനിന്ന് സംഭരിക്കുന്നത് പൊന്നുപോലെ വിളഞ്ഞ ഒന്നാംതരം നെല്ല്. എന്നാൽ, ഇതു സ്വകാര്യ കുത്തുമില്ലുകളിൽ കുത്തി മാസങ്ങൾക്കുശേഷം പൊതുവിപണിയിലേക്കു തിരിച്ചുവരുന്നത് നാലാംകിട ചാക്കരിയായും! കേരളത്തിൽ കാലങ്ങളായി അരങ്ങേറുന്ന ഈ മറിമായത്തിനു തടയിടാൻ സപ്ലൈകോയ്ക്കും സിവിൽ സപ്ലൈസ് വകുപ്പിനും താത്പര്യമില്ല.
പരസ്പരധാരണയിൽ എന്ന വിധം നടക്കുന്ന ഈ കൊള്ള തടയാൻ ഒരു സർക്കാരിനും താത്പര്യമില്ല. വേനൽമഴ ശക്തമായതോടെ നെല്ല് പാടങ്ങളിൽ കൂട്ടിയിട്ടശേഷം വാങ്ങാൻ മില്ലുകാരെ കാത്തിരിക്കുന്ന കർഷകരുടെ വിലാപം കേൾക്കാൻ ആരുമില്ല. ഈർപ്പത്തിന്റെ പേരിൽ തൂക്കത്തിൽ കിഴിവു വാങ്ങി കർഷകരെ പറ്റിക്കാൻ മില്ലുകാർ സംഘടിതമായി ചിലയിടങ്ങളിൽ മാറിനിൽക്കുകയും ചെയ്യുന്നു.
വിവിധ ജില്ലകളിലായി 42 സ്വകാര്യ മില്ലുകളാണ് കർഷകരിൽനിന്ന് സപ്ലൈകോയിലൂടെ നെല്ല് കുത്താൻ സംഭരിക്കുന്നത്. കുത്തുകൂലിയുടെ വരുമാനം നോക്കിയല്ല ഈ അരി മറിച്ചുവിറ്റു കോടികൾ നേടാനുള്ള കച്ചവടലാഭമാണു മില്ലുകാരെ ഇതിലേക്ക് അടുപ്പിക്കുന്നത്.
കരിന്പട്ടികയിൽപ്പെട്ടതും സ്വന്തമായി അരിക്കന്പനികൾ നടത്തുന്നതുമായ മില്ലുകളെ സംഭരണത്തിൽനിന്നു മാറ്റിനിറുത്തുമെന്ന സർക്കാർ പ്രഖ്യാപനം ഒരു വർഷവും പാലിക്കപ്പെടുന്നില്ല. നിലവിൽ കർഷകരിൽനിന്ന് സംഭരണം നടത്തുന്ന 30 മില്ലുകൾ കേരളത്തിലും വിദേശത്തും അരി സ്വന്തം ബ്രാൻഡിൽ വിൽക്കുന്ന കന്പനികൾ തന്നെയാണ്.
കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് സ്വകാര്യമില്ലുകളിൽ കുത്തി സിവിൽ സപ്ലൈസ് കോർപറേഷൻ റേഷൻ കടകളിലൂടെ വിതരണം ചെയ്യും എന്നതാണ് നയം. കേരളത്തിൽ വിളയുന്ന മുന്തിയ ഇനം ഉമ, ജ്യോതി നെല്ലുകളുടെ പത്തുശതമാനം പോലും അരി ഇവിടത്തെ റേഷൻ കടകളിൽ വിതരണത്തിന് എത്തുന്നില്ല.
സ്വകാര്യ മില്ലുകൾ അരി കുത്തി സ്വന്തം ബ്രാൻഡിലും അല്ലാതെയും പൊതുവിപണിയിൽ വിൽക്കുകയും ഇതര സംസ്ഥാനങ്ങളിലും വിദേശത്തുനിന്നും മോശം അരി വാങ്ങി സർക്കാരിനു തിരികെ ഏൽപ്പിക്കുകയും ചെയ്യുന്ന വൻക്രമക്കേട് ഇക്കാലങ്ങളിലൊക്കെ തുടരുകയാണ്.
സപ്ലൈകോ സംഭരിച്ച് കുത്താൻ നൽകുന്ന നെല്ലും നേരിട്ടു കർഷകരിൽനിന്നു വാങ്ങിയ നെല്ലിനൊപ്പം ചേർത്ത് കുത്തിയാണ് സ്വന്തം ബ്രാൻഡിലെ വിൽപന. സ്വന്തമായി പാടവും വിപുലമായ കൃഷിയുമുള്ള നെല്ലു കുത്ത്, അരി കന്പനികൾ വിരളമാണ്.
ആന്ധ്ര, കർണാടക, തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള വിളവെത്താത്തതും കേടു ബാധിച്ചതുമായ അരി വാങ്ങി സപ്ലൈകോയ്ക്ക് മറിച്ചുനൽകുന്ന അഴിമതിക്ക് തടയിടാൻ സർക്കാരിനു സംവിധാനമില്ല.
റേഷൻ കടകളിലെ അരി ഗുണമേൻമ പരിശോധന എക്കാലവും പ്രഹസനമാണ്. സമീപകാലങ്ങളിലായി സിവിൽ സപ്ലൈസ് മന്ത്രാലയവും മിന്നൽ സ്ക്വാഡും കുത്തുമില്ലുകളിൽ പരിശോധന നടത്താറില്ലെന്ന് പരക്കെ വിമർശനമുണ്ട്. മുൻകാലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മില്ലുകളിൽനിന്ന് അരിയുടെ മറിമായം നേരിൽ പിടികൂടിയ പല സംഭവങ്ങളുമുണ്ടായി. നിസാര പിഴ ഈടാക്കി ഈ കേസുകൾ സർക്കാർ ഒത്തുതീർക്കുകയാണു പതിവ്.കഴിഞ്ഞ സീസണിൽ കുത്താൻശേഖരിച്ച നെല്ല് പ്രളയകാലത്ത് ഗോഡൗണുകളിൽ വെള്ളം കയറി നശിച്ചുവെന്നാണു മിക്ക മില്ലുകളും വിശദീകരണം നൽകിയത്.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ലിൽ രണ്ടു ശതമാനം മാത്രമാണ് സർക്കാർ മില്ലുകളിൽ കുത്തിയെടുക്കാൻ സൗകര്യമുള്ളത്. പാലക്കാട്, വെച്ചൂർ മില്ലുകളുടെ ശേഷി ഉയർത്താനുള്ള തീരുമാനം കാലങ്ങളായി ഇഴയുകയാണ്. നെടുമുടിയിൽ പുതിയ മില്ലു സ്ഥാപിക്കാൻ 10 വർഷം മുൻപ് സർക്കാർ തീരുമാനമുണ്ടായെങ്കിലും നടപടി ഫയലിൽ കെട്ടിക്കിടക്കുകയാണ്.