വടക്കഞ്ചേരി: വണ്ടാഴി കൃഷിഭവനുകീഴിൽ മുടപ്പല്ലൂർ, പന്തപ്പറന്പ്, ചിറ്റടി മേഖലയിൽ നെല്ലെടുക്കാൻ ആളെത്താതെ ഇരുന്നൂറു ടണ്‍ നെല്ല് നശിക്കുന്നതായി പരാതി. പത്തു പാടശേഖരങ്ങളിലെ രണ്ടാംവിള നെല്ലാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നശിക്കുന്നത്.ഒരു മില്ലിനാണ് പത്തു പാടശേഖരത്തിലെയും നെല്ല് കൊടുത്തിട്ടുള്ളതെന്ന് പറയുന്നു. ഇതിൽ നെല്ല് എടുക്കലും വൈകുകയാണ്.
മുന്‍പെല്ലാം നെല്ല് ചാക്കിലാക്കിയാൽ രണ്ടുദിവസംകൊണ്ട് നെല്ലു കൊണ്ടുപോകുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇപ്പോൾ നെല്ല് ചാക്കിലാക്കി പത്തുദിവസമായിട്ടും നെല്ല്് കൊണ്ടുപോകാതെ മുറ്റത്തും കളങ്ങളിലും കൂട്ടിയിട്ടിരിക്കുകയാണ്. മാനത്ത് മഴമേഘങ്ങൾ ഉരുണ്ടുകൂടുന്പോൾ കർഷകർക്ക് ആധിയാണ്.
ഒരു ചാറ്റൽമഴ കൂടി പെയ്താൽ നെല്ല് പൂർണമായും നശിക്കുമെന്ന് പന്തപറന്പിലെ കർഷകനായ പ്രദീപ് പറഞ്ഞു. കിലോയ്ക്ക് 25.30 രൂപയെന്ന നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. നെല്ലെടുക്കാൻ വൈകിപ്പിച്ച് ചുളുവിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ലു കിട്ടാനുള്ള തന്ത്രമാണ് ഈ വൈകിപ്പിക്കില്ലെന്നും ആരോപണമുണ്ട്.
സ്വകാര്യ മില്ലുകാർ കിലോയ്ക്ക് 15 രൂപയ്ക്കാണ് നെല്ല് എടുക്കുന്നത്. ഇക്കുറി രണ്ടാംവിള നെൽകൃഷിയിൽ അധിക ഉത്പാദനമുണ്ട്. ഇതിനാൽ പാടശേഖരങ്ങളിലെല്ലാം നെല്ലിന്റെ അളവും ഇരുപതുശതമാനം അധികമാണ്.കുന്നുപറന്പ്, കയറാംപാടം, തെക്കേപ്പാടം, മണലോടി, മാത്തൂർ, പുല്ലുംപാടം, അണുതുരുത്തി, എടയോട്, ചിറ്റടി, ചാന്തുരുത്തി തുടങ്ങിയ പാടസേഖരങ്ങളിലെ നെല്ലാണ് ഏജന്റ് എത്താതെ മുറ്റത്ത് ടാർപോളിൻകൊണ്ട് മൂടിയിട്ടുള്ളത്.
നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകരാണ് ഏറെ കഷ്ടപ്പെടുന്നത്. നെല്ലെടുക്കാൻ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് മെംബർ ആർ.സുരേഷ് ആവശ്യപ്പെട്ടു.