ഷൊർണൂർ: നെല്ലറയിൽ നിന്നും വീണ്ടും കർഷക വിലാപങ്ങളുയരുന്നു. ഒന്നാംവിളയിൽ മെച്ചപ്പെട്ട വിളവ് ശേഖരിക്കാൻ കഴിഞ്ഞുവെങ്കിലും ഇതിന്റെ പ്രയോജനം അന്യമാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്. നഷ്ടം സഹിച്ച് കിട്ടുന്ന വിലക്ക് നെല്ല് വിൽക്കുകയാണ് ഇപ്പോൾ കർഷകർ ചെയ്യുന്നത്.
ഇതുകൊണ്ടുതന്നെ മെച്ചപ്പെട്ട വിളവെടുപ്പ് ഇത്തവണ സാധിച്ചെടുത്തതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോകുന്ന കാര്യം ഉറപ്പായി. തർക്കങ്ങളും ആക്ഷേപങ്ങളുമായി സപ്ലൈകോയുടെ നെല്ലു സംഭരണം പാളിയ സാഹചര്യത്തിൽ അവസരം മുതലെടുത്ത് ജില്ലയിലെ സ്വകാര്യമില്ലുകാർ ചുരുങ്ങിയ വിലക്ക് നെല്ലു സംഭരിക്കുന്ന തിരക്കിലാണ്.
കിട്ടിയപണം വാങ്ങി കർഷകർ നെല്ല് വിൽക്കുകയാണ്. തർക്കങ്ങൾ അവസാനിപ്പിച്ച് നെല്ലുസംഭരണം ഏറ്റെടുക്കാൻ സപ്ലൈകോ തയ്യാറാവുന്നുമില്ല.
സ്വകാര്യമില്ലുടമകളെ സഹായിക്കുന്നതിനും കർഷകരെ ചൂഷണം ചെയ്യുന്നതിനും വേണ്ടിയാണ് സപ്ലൈകോ ശ്രമിക്കുന്നതെന്നാണ് ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. നെല്ലു സൂക്ഷിച്ചുവെക്കാൻ സൗകര്യങ്ങളില്ലാത്തതിനാലാണ് ഭൂരിബാഗം കർഷകരും കിട്ടിയ വിലക്ക് നെല്ലു വിൽക്കുന്നത്. മുഴുവൻ കർഷകരും കിട്ടിയ വിലക്ക് നെല്ലു വിൽക്കാൻ നിർബന്ധിതരാവുകയാണ്.
കൊയ്ത്തു കഴിഞ്ഞിട്ടും നെല്ലു സംഭരണം വൈകുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. കനത്ത മഴയെ തുടർന്നുള്ള വിളനാശത്തിന് ശേഷം ലഭിച്ച നെല്ല് സിവിൽ സപ്ലൈസ് സംഭരിക്കാതിരിക്കുന്നത് കർഷകർ വ്യാപകമായി ചോദ്യം ചെയ്യുന്നുണ്ട്. നെല്ല് ഉണങ്ങി പാകപ്പെടുത്തി സൂക്ഷിക്കാനും കർഷകർക്കും കഴിയുന്നില്ല. ടാർ പോളിൻ ഇട്ട് മറച്ചാണ് കർഷകർ നെല്ല് സംരക്ഷിക്കുന്നത്. ഒന്നാംവിള കൊയ്ത്ത് കഴിയുന്ന മുറക്ക് സംഭരണവും നെല്ല് വിലയും ലഭിക്കുമെന്ന കർഷകരുടെ കണക്കുകൂട്ടലുകൾ അസ്ഥാനത്തായി.