പാലക്കാട്: ജില്ലയിൽ ഉത്പാദിപ്പിക്കുന്ന നെല്ല് കർഷകരുടെ പാടത്തുനിന്നോ ഭവനങ്ങളിൽനിന്നോ സംഭരിക്കുമെന്ന് സപ്ലൈകോ എംഡി ജില്ലയിലെ കർഷക സംഘടനാ പ്രതിനിധികൾക്കു രേഖാമൂലം നല്കിയ മറുപടിയിൽ വ്യക്തമാക്കി.
നെല്ലിന്റെ കയറ്റുകൂലി കർഷകരിൽനിന്നു ഈടാക്കരുതെന്നു കാട്ടി കർഷക സംഘടനാപ്രതിനിധികൾ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ നല്‍കുകയും കർഷകർക്ക് അനുകൂലമായ ഉത്തരവ് കോടതിയിൽനിന്ന് നേടുകയും ചെയ്തു.
ഈ ഉത്തരവ് അനുസരിച്ച് നെല്ലിന്റെ കയറ്റുകൂലി നല്‍കേണ്ടത് അരിമില്ലുകാരോ കോർപറേഷനോ ആണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ പകപോക്കൽ എന്ന നിലയ്ക്ക് പാഡി മാർക്കറ്റിംഗ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണകേന്ദ്രത്തിൽ കർഷകർ അവരുടെ ഉത്തരവാദിത്വത്തിൽ നെല്ല് എത്തിച്ചുനല്‍കണമെന്ന് പാലക്കാട്ടെ പാഡി മാർക്കറ്റിംഗ് ഓഫീസർ നിർദേശിച്ചിരുന്നു.
ഇതിനെതിരായി കർഷക സംഘടനാപ്രതിനിധികൾ മുഖ്യമന്ത്രി, ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി, കൃഷിമന്ത്രി, സപ്ലൈകോ എംഡി എന്നിവർക്ക് ഓഗസ്റ്റ് മൂന്നിനു നല്കിയ പരാതിക്കു മറുപടിയായാണ് കേന്ദ്രസർക്കാർ നിബന്ധനപ്രകാരം നിശ്ചിത സംഭരണകേന്ദ്രത്തിൽ കർഷകർ നെല്ല് എത്തിച്ച് നല്‍കേണ്ടതും അവിടെനിന്നും സംഭരണം സർക്കാർ,
ഏജൻസി നടത്തേണ്ടതുമാണെന്ന നിർദേശമുണ്ടായത്. എന്നാൽ കേരളത്തിലെ നിലവിലെ പ്രകൃതിക്കും കർഷകരുടെ സൗകര്യത്തിനും അനുസരിച്ചും നെല്ലുസംഭരണത്തിന് നിലവിൽ അനുവർത്തിക്കുന്ന രീതിക്കു മാറ്റംവരുത്താൻ സപ്ലൈകോ തത്കാലം ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചുള്ള മറുപടിയാണ് സപ്ലൈകോ അധികൃതരിൽനിന്നും കർഷകപ്രതിനിധികൾക്ക് ലഭിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ജില്ലയിൽ കർഷകരുടെ പാടത്തുനിന്നോ ഭവനങ്ങളിൽനിന്നോ നെല്ലുകൊണ്ടുപോകാൻ സംഭരണ ഏജൻസിക്ക് ബാധ്യതയുണ്ട്. ഇക്കാര്യങ്ങൾ വിലയിരുത്തുന്നതിനു വിവിധ കർഷക സംഘടനാപ്രതിനിധികളുടെ യോഗം ഇന്നലെ ചേർന്നു.
ജില്ലയിൽ കൊയ്ത്തു സജീവമായ സാഹചര്യത്തിൽ നെല്ലുസംഭരണം ഉടനേ തുടങ്ങണമെന്നും നെല്ലിന്റെ കയറ്റുകൂലി കോടതി ഉത്തരവുപ്രകാരം മില്ലുകാരോ കോർപറേഷനോ വഹിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇതിനു തടസമായി നില്‍ക്കുന്നവർക്കെതിരേ കോർട്ട് അലക്ഷ്യത്തിനു നടപടിയെടുക്കാൻ വീണ്ടും കോടതിയെ സമീപിക്കുമെന്നും യോഗം മുന്നറിയിപ്പുനല്‍കി.
മുതലാംതോട് മണി- ദേശീയ കർഷകസമാജം, കെ.വേണു- കർഷകമോർച്ച, തോമസ് ജോണ്‍- കേരള കർഷക യൂണിയൻ-എം, കെ.ശിവാനന്ദൻ (നെന്മേനി നെല്ലുത്പാദക സംഘം), വി.ശിവദാസ്- കിസാൻ സംഘ്, വി.എസ്.സജീഷ്- കർഷക മുന്നേറ്റം എന്നിവരാണ് കോടതിയെ സമീപിച്ചതും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് പരാതി നല്കിയതും. യോഗത്തിൽ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു.