തൃശൂർ: നെൽകൃഷി വ്യാപകമാക്കണമെന്നും ആരും സ്ഥലം വെറുതെയിടരുതെന്നുമുള്ള കൃഷി മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ആഹ്വാനം കേട്ട് കൃഷിയിറക്കിയവരും ഇപ്പോൾ വെള്ളത്തിലായി. നെൽകൃഷിയിറക്കി കൊയ്തെടുത്ത നെല്ല് വിൽപന നടത്തിയിട്ട് മൂന്നരമാസം കഴിഞ്ഞിട്ടും വില കിട്ടാതെ നട്ടം തിരിയുകയാണ് കർഷകർ. കൃഷിമന്ത്രിയുടെ നാട്ടിൽ തന്നെയുള്ള നൂറുകണക്കിന് കർഷകരാണ് ഉൽപാദിപ്പിച്ച നെല്ലിന്റെ വില കിട്ടാത്തതു മൂലം അടുത്ത നെൽകൃഷിയിറക്കാനാകാതെ കഷ്ടത്തിലായിരിക്കുന്നത്.
പലരും കെട്ടുതാലി വരെ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് നെൽകൃഷിയിറക്കിയത്. പണിതെടുത്ത നെല്ല് വിറ്റ് കടം വീട്ടിയതിനുശേഷം വേണം അടുത്ത കൃഷിയിറക്കാൻ. പലപ്പോഴും നെല്ല് വിറ്റുകിട്ടുന്ന പണം തികയാതെ വരുന്പോൾ വീണ്ടും പണം കടംവാങ്ങിയാണ് കൃഷിയിറക്കാറുള്ളത്.
നെല്ലിന്റെ വില കിട്ടണമെന്നാവാശ്യപ്പെട്ട് പുല്ലഴി കോൾപ്പടവ് കർഷകർ സിവിൽ സപ്ലൈസ് ഓഫീസിനുമുന്പിൽ ധർണ നടത്തിയിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കിട്ടാത്തതിനാലാണ് വില നൽകാൻ കഴിയാത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതിനുമുന്പ് സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്ത് കർഷകർക്ക് നൽകാനുള്ള പണം നൽകിയിരുന്നു.
പിന്നീട് കേന്ദ്രത്തിൽ നിന്ന് പണം കിട്ടുന്പോൾ കടമെടുത്തത് അടയ്ക്കുകയാണ് ചെയ്തിരുന്നത്. നെൽകൃഷിയിറക്കാൻ നിർബന്ധിക്കുകയും സ്ഥലം വെറുതെയിട്ടാൽ നടപടിയെടുക്കുകയും ചെയ്യുമെന്ന് പറയുന്നവർ വിറ്റ നെല്ലിന്റെ പണം പോലും നൽകാത്തതിൽ വൻ പ്രതിഷേധത്തിലാണ്.
നെല്ലിന് സർക്കാർ നിശ്ചയിച്ച നിരക്കായ കിലോയ്ക്ക് 22.50 രൂപ നിരക്ക് നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു. സിവിൽ സപ്ലൈസ് ഓഫീസിലെത്തിയപ്പോൾ എല്ലാം ഇപ്പ ശരിയാക്കാമെന്ന് പറയുന്നതല്ലാതെ ഒന്നും ശരിയാകുന്നില്ലെന്ന് പുല്ലഴി കോൾപ്പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ പറഞ്ഞു.