പത്തനംതിട്ട: ആഘോഷപൂർവം കൊയ്ത്തു നടത്തി വിളവെടുത്ത പാടശേഖരങ്ങളിൽ നിന്ന് നെല്ല് ഏറ്റെടുക്കുന്നതിൽ സപ്ലൈകോയ്ക്കു വൈമുഖ്യം. പത്തനംതിട്ട ജില്ലയിലെ നിരവധി പാടശേഖരങ്ങളിൽ കൊയ്ത്തിനുശേഷമുള്ള നെല്ല് ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായി പരാതി.
അപ്പർകുട്ടനാട്ടിലും കിഴക്കൻ പ്രദേശങ്ങളിലുമായി കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് വിൽക്കാനായി കർഷകർ കാത്തിരിക്കുകയാണ്.ആലപ്പുഴ ജില്ലയിലും നെല്ല് ഏറ്റെടുക്കുന്നതിൽ സപ്ലൈകോ അധികൃതർ കാലതാമസം വരുത്തുകയാണ്. ഇതേ അനുഭവമാണ് പത്തനംതിട്ട ജില്ലയിലുമുണ്ടായിക്കൊണ്ടിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ സപ്ലൈകോയും കൃഷിവകുപ്പും കർഷകരോടു കാട്ടുന്ന അവഗണനയ്ക്കെതിരെ കുട്ടനാട് വികസനസമിതി ഇന്ന് കർഷക ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുകയാണ്.കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തേ തുടർന്ന് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് കൃഷി നടത്തിയ കർഷകരാണ് കൊയ്ത്തിനുശേഷം നെല്ലുമായി കാത്തിരിക്കുന്നത്.
വരൾച്ചയുടെ രൂക്ഷതയേ തുടർന്ന് പാടശേഖരങ്ങളിലുണ്ടായ ജലക്ഷാമം കാരണം പട്ടാളപ്പുഴുവിന്റെ അടക്കം ആക്രമണം നേരിട്ടിരുന്നു. ഇത്തരം പ്രശ്നങ്ങളെ അതിജീവിച്ചാണ് കർഷകർ വിളവെടുപ്പു നടത്തിയത്. വിളവെടുപ്പ് കഴിഞ്ഞതോടെ കൃഷിവകുപ്പും കൈയൊഴിഞ്ഞ മട്ടാണെന്ന് കർഷകർ പറയുന്നു.
വേനൽമഴ കൂടി ഇടയ്ക്കു പെയ്യുന്നതോടെ പാടശേഖരങ്ങളിൽ നെല്ല് കൂട്ടിയിടാനാകാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ സംഭരണം നടന്ന മേഖലകളിൽ നെല്ലിന് നനവുണ്ടെന്ന പേരിൽ തൂക്കത്തിൽ കുറവു വരുത്തി.സപ്ലൈകോ ഏറ്റെടുത്ത നെല്ലിനാകട്ടെ ന്യായമായ വില കർഷകർക്കു ലഭിക്കുന്നില്ല. വിപിണയിൽ അരി വില ഉയർന്നു നിൽക്കുന്പോഴും നെല്ലിനു വില കൂട്ടിയിട്ടില്ല.
കഴിഞ്ഞവർഷത്തെ സംഭരണ വിലയാണ് ഇത്തവണയും സപ്ലൈകോയ്ക്കുള്ളത്. കിലോഗ്രാമിന് 21.50 രൂപ നിരക്കിലാണ് നെല്ലു സംഭരിക്കുന്നത്. കഴിഞ്ഞവർഷം അരി വില കിലോഗ്രാമിന് 32 രൂപ പൊതുവിപണിയിൽ ഉണ്ടായിരുന്ന അവസരത്തിലാണ് നെല്ലിന് 21.50 രൂപ നൽകി സംഭരിച്ചത്. ഇത്തവണ പൊതുവിപണിയിൽ അരി വില 45 മുതൽ 48 രൂപ വരെയാണ്.
സപ്ലൈകോയുടെ അരിക്കടകളിലും അരി വില ഉയർന്ന നിരക്കിലാണ്. റേഷൻ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ കിലോഗ്രാമിന് 25 രൂപ നിരക്കിൽ അരി ജയ അരി നൽകുന്നുണ്ട്. രണ്ട് കിലോഗ്രാം അരി കൂടി കൂടുതലായി നൽകുമെങ്കിലും ഇതിന് 40.50 രൂപ വീതം നൽകണം. പച്ചരിക്ക് 23 രൂപ നിരക്കിലാണ് നൽകുന്നത്.
റേഷൻകടകളിൽ ബിപിഎല്ലുകാർക്ക് കുറഞ്ഞനിരക്കിൽ ലഭിച്ചിരുന്ന അരിയുടെ വിതരണം നിലച്ചു. പിന്നീടുള്ള ഏക ആശ്രയമാണ് സപ്ലൈകോയുടെ അരി വിതരണം.സപ്ലൈകോ അരിക്കടകളിൽ ആവശ്യക്കാർ ഏറെയെത്തുന്നുണ്ടെങ്കിലും കൂടുതൽ അരി എത്തുന്നില്ല. നെല്ലു സംഭരിക്കുന്നതിലുണ്ടാകുന്ന കാലതാമസം അരിയുടെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.
കർഷകരിൽ നിന്നു സംഭരിക്കുന്ന നെല്ലിന്റെ വിലയാകട്ടെ അവരുടെ അക്കൗണ്ടിലേക്കാണ് നൽകുന്നത്. ഇതിനും കാലതാമസമുണ്ടാകാറുണ്ട്.വള്ളിക്കോട് പാടശേഖരത്തെ 80 ടണ്ണോളം നെല്ല് ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് സംഭരിച്ചത്. നെല്ലിനു ചെറിയ നനവുണ്ടായതിന്റെ പേരിൽ കർഷകർക്കു നഷ്ടവുമുണ്ടായി.
ഇനിയും വള്ളിക്കോട്ടു നിന്ന് നെല്ല് കൊണ്ടുപോകാനുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആറ് ലോഡാണ് കയറ്റിവിട്ടത്. ജില്ലയിൽ നെല്ലു സംഭരണത്തിന് എല്ലാവർഷവും പാഡി ഓഫീസറെ നിയമിക്കാറുണ്ട്. ഇക്കുറി നിയമിച്ച രണ്ടുപേരും അവധിയിൽ പോയതോടെയാണ് സംഭരണത്തിനു കാലതാമസമുണ്ടാക്കിയതെന്ന് ആക്ഷേപമുണ്ട്.