അന്പലപ്പുഴ: മില്ലുകാർ നെല്ലെടുത്തു തുടങ്ങി. അന്പലപ്പുഴ തെക്കു പഞ്ചായത്തിലെ 230 ഏക്കർ വരുന്ന കുന്നുമ്മ പടിഞ്ഞാറ് മുന്നൂറാം പടവ് പാടത്തെ നെല്ലാണ് മില്ലുകാർ കച്ചവടമാക്കിയത്.
70 ഓളം കർഷകരുള്ള പാടത്ത് 15 ദിവസം മുന്പു കൊയ്ത നെല്ല് കർഷകർ പാടത്തിന്റെ പുറംബണ്ടിൽ കൂട്ടിയെങ്കിലും ഇതേറ്റെടുക്കാൻ മില്ലുകാർ എത്തിയില്ല. പതിരിന്റെ അംശം അധികമാണന്നും അതിനാൽ ക്വിന്റലിന് 15 കിലോഗ്രാം കിഴിവു നൽകണമെന്നുമായിരുന്നു മില്ലുടമകളുടെ ആവശ്യം.
എന്നാൽ സമീപത്തെ കാവിൽ തെക്കുപുറം, വലിയ തുരുത്ത് ചെറിയ തുരുത്ത് പാടത്തെ നെല്ലിനെ അപേക്ഷിച്ച് മുന്നൂറാം പടവിലേത് നല്ലനെല്ലാണന്ന് പാടശേഖര സമിതി ഭാരവാഹികളായ തങ്കച്ചൻ, ബാബു എന്നിവർ മില്ലുടമകളെ ബോധ്യപ്പെടുത്തിയെങ്കിലും 15 ശതമാനം കിഴിവ് എന്നതിൽ അവർ ഉറച്ചു നിന്നു.
അഞ്ചുകിലോഗ്രാം വരെ കിഴിവു നൽകാമെന്നറിയിച്ച് കർഷകർ രംഗത്തെത്തിയെങ്കിലും ഇതും മില്ലുകാർക്ക് സ്വീകാര്യമായില്ല. വേനൽ മഴ ആരംഭിച്ചഘട്ടത്തിൽ ഏത്ര കിഴുവു നൽകിയും നെല്ല് കച്ചവടമാക്കണമെന്ന താത്പര്യമായിരുന്നു ചില കർഷകർക്ക് ഉണ്ടായിരുന്നത്.
തുടർന്നാണ് കർഷക സംഘം പ്രവർത്തകർ ആയ ആർ. റജിമോൻ, പി. ഉമ്മർ, ലാലിച്ചൻ കഞ്ഞിപ്പാടം, സി. ശൈലേന്ദ്രൻ, ഡി. വിജയൻ എന്നിവർ പാഡി ഓഫീസർമാരും, ഫുഡ് സേഫ്റ്റി കമ്മീഷൻ അംഗം ബി രാജേന്ദ്രൻ എന്നിവരുമായി ബന്ധപ്പെടത്.
തുടർന്ന് നടത്തിയ ചർച്ചയിൽ ആറുശതമാനം കിഴിവിൽ നെല്ലെടുക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ദിവസങ്ങളോളം വെയിലും മഴയയുമേറ്റ് കെട്ടിക്കിടന്ന 3000 ക്വിന്റലോളം വരുന്ന നെല്ലാണ് കച്ചവടം ചെയ്യാനായത്.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് വേഗത്തിൽ തീരുമാനം കൈക്കൊള്ളാനായ സംഘം ഭാരവാഹികളെ കർഷകർ അഭിനന്ദിച്ചു.