വടക്കഞ്ചേരി: പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് സജീവമായി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി മഴ കനത്തത് സ്വകാര്യ അരിമില്ലുകാർക്ക് ചാകരയായി. മഴ തുടരുന്നതിനാൽ കൊയ്ത നെല്ല് വീട്ടിലോ കളത്തിലോ സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലക്ക് നെല്ല് വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.
സപ്ലൈകോ നെല്ല് സംഭരണം ആരംഭിക്കാത്തതിനാൽ മില്ലുകാർക്കും കർഷകരെ പിഴിയാൻ വലിയ സഹായകമായിട്ടുണ്ട്. നെല്ലിന്റെ സംഭരണവില 23.30 രൂപയാണെങ്കിലും സ്വകാര്യമില്ലുകാർ ഡിമാന്റുള്ള ജ്യോതി നെല്ല് എടുക്കുന്നത് 21 രൂപക്കും അതിനുതാഴെ വില നൽകിയാണ്. കാഞ്ചന നെല്ല് വാങ്ങുന്നത് 18 രൂപയ്ക്കാണെന്ന് കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി. സുദേവൻ പറഞ്ഞു.
സപ്ലൈകോയും സ്വകാര്യമില്ലുകാരും തമ്മിലുള്ള ഒത്തുകളിയിലാണ് സപ്ലൈകോയുടെ നെല്ല് സംഭരണമെന്നാണ് കർഷകരുടെ ആരോപണം.ഒന്നാംവിളകൊയ്ത്ത് തുടങ്ങി ആഴ്ചകളേറെയായിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാത്തത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്.
പല ഭാഗങ്ങളിലും സപ്ലൈകോയുടെയും മില്ലുകാരുടെയും ഏജന്റുമാരും ഒരേ ആൾക്കാർതന്നെയാണെന്നും ആരോപണമുണ്ട്. സപ്ലൈകോ നെല്ല് എടുക്കണമെങ്കിൽ കടന്പകളേറെ കടക്കണം. മഴക്കാലത്ത് നെല്ല് ഉണക്കി പൊടിയും കരടും കളഞ്ഞ് വൃത്തിയാക്കിയ നെല്ല് മാത്രമേ സപ്ലൈകോ സംഭരിക്കൂ. എന്നാൽ സ്വകാര്യമില്ലുകാരുടെ ഏജന്റുമാർ പാടത്ത് വന്ന് നെല്ല് എടുക്കും.
സപ്ലൈകോയുടെ നെല്ല് സംഭരണ നിബന്ധനകൾ കർശനമാക്കിയതും സ്വകാര്യമില്ലുകാർക്കാണ് നേട്ടം. നെല്ല് മുഴുവൻ മില്ലുകളിലേക്ക് വരും. സപ്ലൈകോ ഇനി നെല്ല് സംഭരിക്കാൻ ഇറങ്ങുന്പോൾ നെല്ല് ഇല്ലാതാകും. പിന്നീട് സ്വകാര്യമില്ലുകാരുടെ ഏജന്റുമാർതന്നെ സപ്ലൈകോക്ക് നെല്ല് എത്തിക്കുന്ന നടപടികളും ഉണ്ടാകുന്നുണ്ടെന്നാണ് ആക്ഷേപം.