വടക്കഞ്ചേരി: സർക്കാർ നെല്ലുസംഭരണം പ്രഖ്യാപനങ്ങളിലും സംഭരണത്തിന്റെ ഉദ്ഘാടന ചടങ്ങുകളിലും മാത്രം ഒതുങ്ങിയതോടെ മാസങ്ങൾക്കുമുന്പ് കൊയ്തെടുത്ത ഒന്നാംവിള നെല്ല് എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് കർഷകർ. സപ്ലൈകോയുടെ നെല്ലുസംഭരണം നടക്കാത്തതിനാൽ കിലോയ്ക്ക് 14 രൂപയ്ക്കാണ് ഇപ്പോൾ സ്വകാര്യമില്ലുകാർ നെല്ലെടുത്ത് കർഷകരെ പിഴിയുന്നത്.
കിലോയ്ക്ക് 25.30 രൂപ തറവിലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പത്തുരൂപ കുറച്ച് കർഷകർക്ക് നെല്ലുകൊടുക്കേണ്ടി വന്നത്. മഴ ഭീഷണിയുള്ളതിനാൽ നെല്ലു സൂക്ഷിച്ചുവയ്ക്കാനും കർഷകർക്കു കഴിയുന്നില്ല. തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്ത നിരവധി കർഷകർ കൃഷിവകുപ്പിന്റെ കർഷകദ്രോഹനടപടി ഭീമമായ നഷ്ടത്തിന് ഇരയാകുകയാണ്.
നാല്പതേക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് നെൽകൃഷിയിറക്കിയ മംഗലത്തെ കണ്യാർക്കുന്നത്ത് മോഹനൻ ഇപ്പോൾ കൊയ്തെടുത്ത നെല്ല് എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കൊയ്ത്തുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞിട്ടും നെല്ലെടുക്കാൻ സപ്ലൈകോയുടെ ഏജന്റുമാർ എത്തിയിട്ടില്ല.
ഇടയ്ക്കിടെ കൂലിക്കാരെവച്ച് നെല്ലുണക്കി സൂക്ഷിക്കുകയാണ്. സ്ത്രീതൊഴിലാളികൾക്കുള്ള കൂലിയും നെല്ലു മൂടിവയ്ക്കാനുള്ള ടാർപോളിൻ, ഓരോതവണ നെല്ലുണക്കി കോരിയെടുക്കുന്പോൾ ഉണ്ടാകുന്ന നഷ്ടം തുടങ്ങി മോഹനന്റെ നഷ്ടക്കണക്ക് ഉയരുകയാണ്.
തരിശുഭൂമിയിൽ കൃഷിയിറക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാമെന്നിരിക്കേയുള്ള കൃഷിവകുപ്പിന്റെ പ്രഖ്യാപനങ്ങളിൽ ആവേശംകൊണ്ടാണ് ഏക്കറിന് 20,000 രൂപ നിരക്കിൽ മോഹനൻ നാല്പതേക്കർ സ്ഥലത്ത് ഒന്നാംവിള കൃഷി ചെയ്തത്.അധികമഴമൂലം പതിരുകൂടി വിള നന്നേ കുറഞ്ഞതിനു പിന്നാലെ നെല്ലെടുക്കുന്ന സംവിധാനവും താളംതെറ്റിയത് മോഹനനെപോലെയുള്ള നിരവധി കർഷകർക്ക് ഇരുട്ടടിയായി.
ടണ് കണക്കിന് നെല്ലാണ് മോഹനന്റെ വീട്ടിൽ കൂട്ടിയിട്ടുള്ളത്. കരപാടമായ പരുവാശേരി പാടശേഖരത്തിൽ ഒന്നരമാസംമുന്പ് ഒന്നാംവിള കൊയ്ത്തു കഴിഞ്ഞതാണ്. ഇപ്പോഴും നെല്ലെടുക്കാൻ ആളെത്തിയില്ലെന്നു പരുവാശേരി പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണൻ പറഞ്ഞു. ഇടയ്ക്ക് മഴ പെയ്യുന്നതിനാൽ കുറേ നെല്ലെല്ലാം കുതിർന്നു മുളച്ചുനശിച്ചു.
സൂക്ഷിച്ചുവയ്ക്കാൻ സൗകര്യമില്ലാതെ കർഷകർ തുച്്ഛമായ വിലയ്ക്ക് നെല്ല് സ്വകാര്യമില്ലുകാർക്ക് വിറ്റു. നെല്ലുസംഭരണം യഥാസമയം ഇല്ലാത്തതിനാൽ പലരും രണ്ടാംവിള നെൽകൃഷി ഉപേക്ഷിച്ചു. നെല്ലുസംഭരണം അനിശ്ചിതത്വത്തിലായതോടെ മില്ലുകാർ നെല്ലുവില കൂടുതൽ താഴ്ത്തിയാണ് വാങ്ങുന്നത്. അരി വാങ്ങുകയാണെങ്കിൽ മാത്രമാണ് ചില മില്ലുകാർ കർഷകരിൽനിന്നും നെല്ലെടുക്കുന്നത്.
തങ്ങളുടെ സങ്കടങ്ങൾ ആരോടുപറയാനെന്ന ആത്മഗതമാണ് ഇപ്പോൾ കർഷകർക്കുള്ളത്. കർഷകർ അസംഘടിതരായതിനാൽ രാഷ്ട്രീയപാർട്ടികളും കർഷകരുടെ ഈ ദുരിതത്തിന് പരിഹാരം കാണാൻ തയാറാകുന്നില്ല. ഒന്നാംവിള നെല്ലുസംഭരണം ഇനിയും വൈകിപ്പിച്ച് സർക്കാരിന്റെ ബാധ്യത കുറയ്ക്കുകയാണ് തന്ത്രമെന്നാണ് ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി പറയുന്നത്. പേരിനു അവിടവിടെയായി നെല്ലുസംഭരണം നടത്തി മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും നടത്തുന്നത്.
രാഷ്ട്രീയപാർട്ടികളുടെ കർഷകസംഘടനകളും ഇപ്പോൾ മൗനത്തിലാണ്. പ്രളയമുണ്ടായപ്പോൾ കാലടിയിലെ മില്ലുകളെല്ലാം മുങ്ങിയതിനാൽ കാലടിയിലേക്ക് നെല്ലു കയറ്റിപോകുന്നില്ലെന്നും പറയുന്നുണ്ട്. എന്നാൽ ഇതിനു പരിഹാരം കാണാൻ സർക്കാരും തയാറാകുന്നില്ല.