കാട്ടൂർ: കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ സപ്ലൈകോ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ല് സംഭരിക്കാൻ മില്ലുകളുടെ ഗോഡൗണിൽ സ്ഥലമില്ലാതായതോടെയാണ് കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷിസംഘത്തിന്റെ കീഴിൽ കൃഷിചെയ്ത കർഷകർ ബുദ്ധിമുട്ടിലായത്. പ്രളയത്തിനുശേഷം സംഘത്തിന്റെ കീഴിൽ 250 ഏക്കറിലാണ് കൃഷിയിറക്കിയത്. മുൻവർഷത്തേക്കാൾ കൂടുതൽ വിളവ് ലഭിച്ചെങ്കിലും ഇതൊല്ലാം ഏറ്റെടുക്കാൻ മില്ലുകളിൽ സ്ഥലമില്ല.
പ്രളയത്തിനുശേഷം കേരളത്തിൽ ഒരുലക്ഷം മെട്രിക് ടണ്‍ നെല്ല് കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവർഷം മേയ് 30 വരെ സപ്ലൈകോ സംഭരിച്ചത് 5.84 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നെങ്കിൽ ഈ വർഷം ഏപ്രിൽ അവസാനമായപ്പോഴേക്കും 5.9 മെട്രിക് ടണ്‍ സംഭരിച്ചുകഴിഞ്ഞു.
മെയ് അവസാനമാകുന്പോഴേക്കും 6.5 മെട്രിക് ടണ്ണെങ്കിലും സംഭരിക്കപ്പെടുമെന്നാണ് കണക്കകൂട്ടൽ. സപ്ലൈക്കോയുടെ കീഴിൽ 51 മില്ലുകളാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. കാട്ടൂർ തെക്കുംപാടത്തുനിന്ന് ഇതുവരെ സപ്ലൈക്കോ സംഭരിച്ചത് 28 ലോഡ് നെല്ലാണ്. 10 – 12 ലോഡ് വരെ ഇനിയും കയറ്റിപ്പോകാനുണ്ടെന്ന് കർഷകർ പറയുന്നു. എന്നാൽ, ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാൽ ദിവസം രണ്ടോ മൂന്നോ ലോഡ് മാത്രമാണ് കൊണ്ടുപോകുന്നത്.
പാടത്തും പറന്പിലുമായാണ് കർഷകർ നെല്ല് ഉണക്കി സൂക്ഷിച്ചിരിക്കുന്നത്. മഴപെയ്താൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന നെല്ല് കേടാവുകയോ, മുളയ്ക്കുകയോ ചെയ്യുമെന്നാണ് കർഷകരുടെ ആശങ്ക. പ്രളയത്തിൽ തകരാറിലായ മോട്ടറുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനർസ്ഥാപിക്കാൻ സമയമെടുത്തതാണ് കൃഷി വൈകാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു.
കേരളത്തിലെ സപ്ലൈക്കോയുടെ കണക്കുപ്രകാരം 14,000 ഹെക്ടറിൽ കൂടി വിളവെടുപ്പ് നടത്താനിരിക്കേ, സംഭരണകാര്യത്തിൽ മില്ലുകളുടെ മെല്ലെപ്പോക്ക് കർഷകരുടെ ആശങ്ക ഉയർത്തുന്നുണ്ട്. അതിനാൽ, നെല്ലുത്പാദനം വർധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കൊപ്പം, കൊയ്ത്ത് കഴിയുന്നതോടെ എത്രയും വേഗം കർഷകരിൽനിന്ന് നെല്ല് സംഭരിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.