കൊടകര: മുണ്ടകൻ കൊയ്തെടുത്ത നെല്ല് വിറ്റതിന്റെ പണം കിട്ടാതെ കർഷകർ വിഷമത്തിൽ. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂർ പാടശേഖരത്തെ കർഷകരാണ് നെല്ലിന്റെ വില കിട്ടാതെ വിഷമിക്കുന്നത്.
75 ഏക്കർ വിസ്തൃതിയുള്ള പന്തല്ലൂർ പാടശേഖരത്തിൽ ഒരു മാസം മുന്പാണ് കൊയ്ത്ത് പൂർത്തിയായത്.
മേഖലയിൽ ആദ്യം കൊയത്ത് പൂർത്തിയായ പാടശേഖരം കൂടിയാണിത്. കൊയ്ത്തു കഴിഞ്ഞ് വൈകാതെ തന്നെ സപ്ലൈകോ വഴി സ്വകാര്യ കന്പനിയെത്തി സംഭരിച്ചു. അറുപതുകർഷകരിൽ നിന്നായി 80 ടണ്ണോളം നെല്ലാണ് പന്തല്ലൂർ പാടശേഖര സമിതിയിൽ നിന്ന് സംഭരിച്ചത്.
നെല്ല് കൊണ്ടുപോയി ഒരു മാസത്തോളമായിട്ടും അതിന്റെ വില കർഷകർക്ക് ലഭിച്ചിട്ടില്ലെന്ന് പന്തല്ലൂർ പാടത്തെ കർഷകനും പഞ്ചായത്തംഗവുമായ രാജൻ കിള്ളിക്കുളങ്ങര പറഞ്ഞു. ബാങ്ക് മുഖേനയാണ് കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാറുള്ളത്.
കഴിഞ്ഞ വർഷം നെല്ല് സംഭരിക്കപ്പെട്ട് പത്തുദിവസത്തിനകം വില കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിയിരുന്നു. കഴിഞ്ഞ വർഷം കർഷകർക്ക് നൽകിയ പണം സ്പളൈകോ നിന്ന് ലഭിക്കാത്തതിനാലാണ് ഇത്തവണ പണം നൽകാൻ ബാങ്ക് അധികൃതർ വിസമ്മതിക്കുന്നത്.
കുടിശികയുള്ള പണം കൊടുത്ത് തീർത്ത് ഇത്തവണ സംഭരിച്ച് നെല്ലിന്റെ വില എത്രയും ലഭ്യമാക്കാൻ നടപടിയുണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. മേഖലയിലെ മറ്റു പാടശേഖരങ്ങളിൽ കൊയത്ത് നടക്കാനിരിക്കെ പണം ലഭ്യമാക്കാതെയുള്ള നെല്ല് സംഭരണം ശക്തമായ പ്രതിഷേധത്തിനു വഴിവെക്കുമെന്നാണ് കർഷകർ പറയുന്നത്.