അമ്പലപ്പുഴ: പാഡി ഓഫീസറുടെ പിടിവാശി കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി നെല്ലെടുപ്പ് ആരംഭിച്ചു. ഒരാഴ്ച മുമ്പ് കൊയ്ത പുന്നപ്ര വെട്ടിക്കരി പാടശേഖരത്തിലെ നെല്ലെടുപ്പാണ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്.
കൊയ്ത് കൂട്ടിയ നെല്ലെടുക്കാൻ ധാരണയിലെത്തിയ മില്ലുടമകളും ഇടനിലക്കാരും ക്വിന്റലിന് എട്ടു കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കർഷകർ 7 കിലോ നൽകാൻ തയാറായി.
തർക്കം പരിഹരിക്കാൻ പാഡി ഓഫീസറുമായി ബന്ധപ്പെട്ടപ്പോൾ ഒമ്പതര കിലോ കിഴിവ് നൽകണമെന്നാണ് കർഷകരോട് ആവശ്യപ്പെട്ടത്. ഇതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തുവന്നു.
വൈകിട്ടോടെ പാടശേഖരത്തെത്തിയ ഡി സിസി പ്രസിഡന്റ് എം. ലിജു ജില്ലാ കളക്ടർ എ. അലക്സാണ്ടറുമായി ബന്ധപ്പെട്ടു. തുടർന്ന് ഇന്നലെ മില്ലുടമകൾ കർഷകർ നൽകാമെന്ന് പറഞ്ഞ ഏഴു കിലോ കിഴിവ് അംഗീകരിച്ച് നെല്ലെടുപ്പ് ആരംഭിച്ചു.