കൂത്താട്ടുകുളം: നെൽവില ലഭിക്കാത്തതിൽ കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ. നെൽകൃഷി വർധിപ്പിക്കാനും നീർത്തടങ്ങൾ സംരക്ഷിക്കാനും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർക്ക് യാതൊരു പ്രയോജനങ്ങൾ ലഭിക്കുന്നില്ല.
2018 -19 വർഷം സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില ഇതുവരെയായിട്ടും വിതരണം ചെയ്തില്ല. സംഭരിക്കുന്ന നെല്ലിന് 30 ദിവസത്തിനുള്ളിൽ മില്ലുടമകൾ 18.50 രൂപ വീതം സർക്കാരിലേക്ക് അടച്ചിട്ടും നാളിതുവരെയായിട്ടും കർഷകർക്ക് ഒന്നും ലഭിച്ചിട്ടില്ല. എസ്ബിഐ മുഖാന്തരം ലോണായി ലഭിക്കുമെന്ന് പറഞ്ഞെങ്കിലും ബാങ്കുകൾ നൽകാൻ മടിക്കുകയാണ്. മില്ല് ഉടമകളിൽനിന്നു ലഭിച്ച തുകയെങ്കിലും വിതരണം ചെയ്യണമെന്നാണ് കർഷകരുടെ ആവശ്യം.
കാറും 1000 സ്ക്വയർ ഫീറ്റ് വീടും ഉള്ളവരെ കർഷക പെൻഷനിൽനിന്ന് ഒഴിവാക്കണമെന്നുള്ള ഉപദേശം മണ്ണിൽ പണിയെടുക്കുന്ന കർഷകരോടുള്ള വെല്ലുവിളിയാണ്. കർഷകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാർ 60 വയസ് പൂർത്തിയായ എല്ലാ കർഷകർക്കും പെൻഷൻ അനുവദിക്കുകയും കർഷകർക്ക് നേരിട്ട് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ നടപ്പാക്കണമെന്നും തിരുമാറാടി പാടശേഖര സമിതി സെക്രട്ടറി സിബി ജോസഫ് ചിറക്കുഴി പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.