വടക്കഞ്ചേരി: സപ്ലൈകോയുടെ നെല്ലുസംഭരണത്തിൽ കർഷകരെ കബളിപ്പിച്ച് വൻതട്ടിപ്പു നടത്തുന്നതായി പരാതി. പരിശോധനകളെല്ലാം കഴിഞ്ഞ് ചാക്കുകളിലാക്കി മില്ലിലേക്ക് കയറ്റിവിടുന്ന നെല്ലിന് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് കർഷകരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത്.
നെല്ലുകൊടുക്കാനായി കർഷകൻ പേർ രജിസ്റ്റർ ചെയ്താൽ മൂന്നു പരിശോധനകൾ നടക്കും. ആദ്യം സപ്ലൈകോയുടെ ആളുകളെത്തി പരിശോധിക്കും. പിന്നീട് നെല്ലെടുക്കുന്ന മില്ലിലെ ആളുകളും ഇവർക്കിടയിലെ ഏജന്റും നെല്ലു പരിശോധിക്കും.ഇങ്ങനെ മുന്നു പരിശോധനക്കിടെ തന്നെ നെല്ലിനു കുറ്റങ്ങളാകും നിറയെ. വേണം, വേണ്ടെന്ന മട്ടിലാണ് പിന്നെ നെല്ലെടുക്കുക. നെല്ല് വൃത്തിയാക്കിയിട്ടില്ല, പതിര് കൂടുതൽ, ഗുണം കുറവ്, മൂപ്പ് കുറവ്, ഭാരക്കുറവ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക.
ഓരോരുത്തർ മാറിമാറിവന്ന് നെല്ലിനെ മോശമാക്കുന്പോൾ കർഷകന്റെ മനസും തളരും. 23.50 തറവിലയുള്ള നെല്ലുവില വിവിധ ദോഷങ്ങൾ പറഞ്ഞ് തുടക്കത്തിലേ വിലകുറയ്ക്കും.ഇതിനു പുറമേ നെല്ല് മില്ലിലെത്തിയാലാണ് അടുത്ത പാര വരിക. നെല്ല് വളരെ മോശമായതിനാൽ മില്ലുകാർ എടുക്കാൻ വിസമ്മതിക്കുന്നെന്ന് പറഞ്ഞ് ഏജന്റുമാർ വീണ്ടും കർഷകനെ സമീപിക്കും. ഒടുവിൽ നേരത്തെ താഴ്ത്തി നിശ്ചയിച്ച വിലയിൽനിന്നും വീണ്ടും വിലതാഴ്ത്തും.
തന്റെ നെല്ല് വളരെ മോശപ്പെട്ടതാണെന്ന് മറ്റുള്ളവർ അറിയണ്ടയെന്ന് കരുതി കർഷകരും ഇത്തരം തട്ടിപ്പുകൾ പുറത്തുപറയാറില്ല.സപ്ലൈകോയ്ക്ക് നെല്ല് സംഭരിക്കുന്ന ഏജന്റുമാർ തന്നെ പൊതുവിപണിയിലേക്കുള്ള നെല്ലുസംഭരണവും നടത്തുന്നുണ്ട്. ഇത്തരക്കാരാണ് തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുന്നത്. കുറഞ്ഞവിലയ്ക്ക് കർഷകരിൽനിന്നും നെല്ലുവാങ്ങി ഇവർ ഏറ്റവും ഉയർന്ന വിലയ്ക്ക് വില്ക്കും.
ചിലപ്പോൾ നൂറുചാക്ക് നെല്ല് സപ്ലൈകോയ്ക്ക് നല്കാമെന്നുപറഞ്ഞ് രജിസ്റ്റർ ചെയ്ത കർഷകന് അത്രയും നെല്ല് ഒരു പക്ഷേ ഉണ്ടായില്ലെന്നിരിക്കും. എന്നാൽ ഈ നെല്ലിന്റെ കുറവ് ഏജന്റുമാർ മുതലെടുക്കും. പതിനേഴും പതിനെട്ടും രൂപയ്ക്ക് കർഷകരിൽനിന്നും വാങ്ങുന്ന നെല്ല് സ്പ്ലൈകോയുടെ കണക്കിൽപ്പെടുത്തി 17 രൂപയുടെ നെല്ലിന് സർക്കാർ പ്രഖ്യാപിച്ച തറവിലയായ 23.50 രൂപ വാങ്ങിയെടുക്കും.
വിലകുറഞ്ഞ നെല്ലാകുന്പോൾ അതിനു ഗുണനിലവാരവും കുറയും. എന്നാൽ ഈ നെല്ലും നല്ല നെല്ലിനൊപ്പം കൂട്ടിക്കലർത്തിയാണ് ഏജന്റുമാർ നെല്ല് മില്ലുകളിലെത്തിക്കുക. മില്ലുകാർ നെല്ല് മോശമാണെന്നു പറഞ്ഞ് പിന്തള്ളിയാൽ അതിന്റെ കുറ്റവും കർഷകന്റെ തലയിൽ കെട്ടിവച്ച് ഏജന്റുമാർ ലാഭം കൊയ്യുന്ന തന്ത്രങ്ങളാണ് നടക്കുന്നത്.
സപ്ലൈകോയുടെ നെല്ലെടുക്കാൻ എത്തുന്ന ഏജന്റുമാർ പൊതുവിപണിയിലേക്കും നെല്ലുസംഭരണം നടത്തുന്നത് അനുവദിക്കരുതെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.