കടുത്തുരുത്തി: സപ്ലൈകോയുടെ രണ്ടാംഘട്ട നെല്ല് സംഭരണത്തിൽ ശേഖരിച്ചത് 1512 ടണ്‍ നെല്ല്. നാലര കോടി രൂപയുടെ മൂല്യമാണ് ഇതുവഴി സപ്ലൈകോ നേടിയത്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടണ്‍ നെല്ലാണ് സംഭരണം പൂർത്തിയായപ്പോൾ കർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ചത്. ഈ വർഷവും അത്രയും തന്നെ നെല്ല് സംഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.
നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാംഘട്ട രജിസ്ട്രേഷനിൽ 24,391 കർഷകർ പേര് നൽകിയിരുന്നു. 2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും ഇതിനോടകം തയാറായിട്ടുണ്ട്. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18, 19 രൂപ മാത്രം സംഭരണ വിലയായി നൽകുന്പോൾ സപ്ലൈകോ കർഷകന് നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.
ഇതേസമയം രണ്ടാംഘട്ട ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കർഷകർ വൈകിപ്പിക്കരുതെന്നും സപ്ലൈകോ അറിയിച്ചിട്ടുണ്ട്. വയലിൽ കൃഷി ഇറക്കിയ ഏല്ലാവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
എത്രയും വേഗം രജിസ്റ്റർ നടപടികൾ പൂർത്തിയായാൽ മാത്രമെ അധികൃതർക്ക് തുടർ നടപടികളുമായി മുന്നോട്ട് പോകാനാവൂ. വയൽ പരിശോധിച്ചു ശുപാർശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥർ അപേക്ഷകൾ പാഡി ഓഫീസിലേക്ക് അയക്കും.
അവിടെ നിന്ന് കൊയ്ത്ത് തീയതിക്കകം പൂർത്തിയാക്കേണ്ട മറ്റു പ്രവർത്തനങ്ങൾക്കും അവരവരുടെ ജോലികൾ സമയബന്ധിതമായി തീർക്കാനും കൊയ്ത്തിനു അഞ്ച് ദിവസം മുന്‍പ് തന്നെ നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ചു കർഷകരെ അറിയിക്കാനും സാധിക്കും. കൊയ്ത്തു കഴിഞ്ഞ് നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും.
രജിസ്ട്രേഷന് വേണ്ടത് – കർഷകന്റെ പേര്, മേൽവിലാസം, കൃഷിസ്ഥലത്തിന്റെ വിസ്തീർണം, സർവേ നന്പർ, മൊബൈൽ നന്പർ, ആധാർ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, ബാങ്കിന്റെ ശാഖയുടെ പേര്, ഐഎഫ്എസ് സി കോഡ് എന്നിവയെല്ലാമാണ്. എൻആർഎ, എൻആർഒ, സീറോ ബാലൻസ് അക്കൗണ്ടുകൾ, ലോണ്‍ അക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്ട്രേഷന് ഉപയോഗിക്കരുത്.
ഉമ, ജ്യോതി, മട്ട, വെള്ള നെൽവിത്തുകൾക്ക് പ്രത്യേകം രജിസ്ട്രേഷൻ താൽകാലിക കൃഷിയാണെങ്കിൽ ഭൂവടമയുടെ പേരും വിലാസവും ഉൾപെടുത്തി നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപെടുത്തി വേണം സമർപിക്കാൻ. സത്യവാങ്മൂലത്തിന്റെ മാതൃക വെബ്സൈറ്റിൽ നിന്നും ലഭിക്കും. രജിസ്ട്രേഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതാതു കൃഷിഭവനിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം തന്നെ സമർപിക്കണം.
വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിരിക്കണം. നെല്ല് സംഭരിക്കുന്ന തീയതി, സംഭരണ കേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും. സപ്ലൈകോയ്ക്ക് നെല്ല് നൽകുന്ന കർഷകൻ പിആർഎസ് ലഭിച്ചാലുടൻ രജിസ്റ്റർ ചെയ്ത ബാങ്കിൽ ഏൽപിച്ച് ലോണ്‍ നടപടികൾ പൂർത്തിയാക്കി തുക കൈപറ്റണമെന്നുമാണ് നിർദേശം.