കുട്ടനാട്: കർഷകരുടെ ബുദ്ധിമുട്ടുകൾ നേരിട്ടു മനസിലാക്കുവാൻ സിവിൽ സപ്ലൈസ് കോർപറേഷൻ എംഡി എം.എസ് ജയ കുട്ടനാട്ടിൽ സന്ദർശനം നടത്തി. കർഷകർക്കും മില്ലുടമകൾക്കും സിവിൽ സപ്ലൈസ് വകുപ്പിനും വിവിധ സ്ഥലങ്ങളിലുണ്ടാകുന്ന വിവിധ വിഷയങ്ങൾ നേരിട്ടു മനസിലാക്കുന്നതിനായിട്ടായിരുന്നു സന്ദർശനം. നെടുമുടിയിലെത്തിയ അവർ വള്ളത്തിൽ നിന്നു ലോറിയിലേക്ക് നെല്ലു കയറ്റുന്ന തൊഴിലാളികളുമായി സംസാരിച്ചശേഷം കായൽ മേഖലയിലെ കൃഷിയിടങ്ങളും സന്ദർശിച്ചു.
കൃഷി ഉദ്യോഗസ്ഥരും പാഡി മാർക്കറ്റിങ് ഓഫിസർമാരും അതതു സ്ഥലങ്ങളിലുണ്ടാകുന്ന തർക്കങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ പൂർണ അർഥത്തിൽ മനസിലാക്കുക എന്നതാണു സന്ദർശനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്നും എംഡി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ആകെ സംഭരിച്ച നെല്ലു കുറവാണെന്നു പാഡി മാനേജർ പറഞ്ഞിരുന്നു.
എന്നാൽ കുട്ടനാട് സന്ദർശിച്ചപ്പോൾ വിളവ് കൂടുതലാണെന്നു നേരിട്ടു മനസിലാക്കി. പാലക്കാടും കുട്ടനാടുമാണു സംഭരണം സംബന്ധിച്ചു താരതമ്യം ചെയ്യുന്നത്. പാലക്കാട് വിളവിൽ കുറവുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും.ഹാൻഡിലിംഗ് ചാർജ് വർധനവു സംബന്ധിച്ച കർഷകരുടെ ചോദ്യങ്ങൾക്കും എംഡി മറുപടി പറഞ്ഞു. ഹാൻഡിലിംഗ് ചാർജിൽ വർധനവു വരുത്തിയില്ലെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഒരു ക്വിന്റൽ നെല്ലിനു 300 രൂപയുടെ വർധനവുണ്ടായി.
കർഷകർക്കു നഷ്ടമുണ്ടാകാത്ത രീതിയിലിലാണു വിലവർധനവ് ഉണ്ടായിരിക്കുന്നത്.അതു നെല്ലുവില ഹാൻഡിലിങ് ചാർജ് എന്നിങ്ങനെ 2 വിധത്തിൽ പരിഗണിക്കുന്നതാണു പ്രശ്നം. ഇതു സംബന്ധിച്ചു പഠനം നടത്തും. മില്ലുടമകളുടെ തർക്കങ്ങൾക്കു പരിഹാരമായിഒരു ക്വിന്റൽ നെല്ലിനു 68 കിലോ അരി നൽകണമെന്നത് ഇത്തവണ 64.5 കിലോയായി കുറച്ചതോടെ മില്ലുടമകൾക്കുണ്ടാകുന്ന നഷ്ടവും ഇല്ലാതായിട്ടുണ്ട്.
പ്രളയശേഷം കുട്ടനാട്ടിൽ മികച്ച വിളവ് ലഭിച്ചതിനാൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാൻ നടപടി സ്വീകരിക്കുമെന്നു എംഡി പറഞ്ഞു. മുൻപ് ഏക്കറിന് 30 ക്വിന്റൽ നെല്ലാണ് സംഭരിച്ചിരുന്നത്. ഇത്തവണ അത് 40 ക്വിന്റലിനു മുകളിൽ വരെ എത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ അസാധാരണ സാഹചര്യം വെച്ച് സോഫ്റ്റുവെയറിൽ മാറ്റം വരുത്തും. ഇതിനായി പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണമെന്നും എംഡി പറഞ്ഞു.
നെല്ലിലെ ഈർപ്പത്തിന്റെ പേരിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ നെല്ലിന്റെ വളർച്ച പൂർണമായശേഷം വിളവെടുക്കാൻ കർഷകർ ശ്രമിക്കണം. ഉമ നെൽവിത്താണ് കുട്ടനാട്ടിൽ വ്യാപകമായി കൃഷിയിറക്കിയിരിക്കുന്നത്. ഇപ്പോഴത്തെ കാലവസ്ഥയിൽ 130 ദിവസത്തെ വിളവെത്തിയശേഷം കൊയ്താൽ തർക്കങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും എംഡി പറഞ്ഞു.
പാഡി മാർക്കറ്റിങ് ഓഫിസർമാരായ എ.വി.സുരേഷ്കുമാർ, എസ്.ഗീത, ജോജി മറിയം ജോർജ്, റജീന ജേക്കബ്, സീഡ് അനലിസ്റ്റ് ദേവു കെ.സജീവ് എന്നിവർ എംഡിയോടൊപ്പമുണ്ടായിരുന്നു.