പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ തൂക്കത്തിൽ കുറവു വരുന്നതായി വ്യാപക ആക്ഷേപം. ഇതു സംബന്ധിച്ച് കർഷകനായ മലന്പുഴ കൂട്ടാല കെ. കൃഷ്ണൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർക്ക് പരാതി നല്കി. കഴിഞ്ഞ ദിവസം 7170 കിലോ നെല്ല് സപ്ലൈകോയ്ക്ക് നൽകിയെങ്കിലും അവരുടെ തൂക്കത്തിൽ 6932 കിലോ മാത്രമാണ് ബില്ല് നൽകിയത്.
238 കിലോയുടെ കുറവാണ് ഒരൊറ്റ ബില്ലിൽ ഉണ്ടായത്. ലോഡ് കയറ്റിയ ശേഷം ലോറിയടക്കം 10560 കിലോയും ലോറിയുടെ തൂക്കമായ 3390 കിലോ കുറച്ചശേഷം 7170 കിലോ നെല്ലുമാണ് ഉണ്ടായിരുന്നത്. ഇത് പുറത്ത് വേ ബ്രിഡ്ജിൽ തൂക്കിയശേഷമാണ് സപ്ലൈകോയ്ക്ക് കൈമാറിയത്. എന്നാൽ സപ്ലൈകോ കൃഷ്ണന് നല്കിയ ബില്ലിൽ 6932 കിലോയാണ് രേഖപ്പെടുത്തിയത്.
നെല്ലിന്റെ ഗുണമേ·യും ഈർപ്പവും സപ്ലൈകോ പ്രതിനിധിയും മില്ലുകാരുടെ പ്രതിനിധിയും പ്രാദേശിക മില്ല് ഏജന്റും നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു.
അതിനാൽ തൂക്കം കുറക്കേണ്ട ആവശ്യം വന്നിരുന്നില്ല. ഈ രീതിയിൽ കർഷകരെ ദ്രോഹിക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്നും തനിക്ക് കുറവുവന്ന നെല്ലിന്റെ തൂക്കം വകയിരുത്തിതരണമെന്നും ആവശ്യപ്പെട്ടാണ് കൃഷ്ണൻ സപ്ലൈകോ എം.ഡി യ്ക്ക് പരാതി നല്കിയത്. നിരവധി പേർക്ക് ഇത്തരത്തിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കർഷകരുടെ ആക്ഷേപം.