തൃശൂർ: കർഷകരിൽനിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി. 23 വരെയാണ് പുതുക്കിയ തീയതി. 15ന് അവസാനിക്കേണ്ടിയിരുന്ന രജിസ്ട്രേഷൻ കർഷകർക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നീട്ടിയത്. 270 കോടി രൂപ മൂല്യമുള്ള ഒരു ലക്ഷം ടണ്‍ നെല്ല് സംഭരിക്കുകയാണ് സപ്ലൈകോയുടെ ലക്ഷ്യം.
ജനുവരിയിൽ കൊയ്ത്ത് പ്രതീക്ഷിക്കുന്ന കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. അവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ശേഷം കൊയ്യാനുളളവർക്കായി ജനുവരി ആദ്യവാരം സൈറ്റ് വീണ്ടും പ്രവർത്തനക്ഷമമാക്കും. ജില്ലയിൽ 5942 പേരാണ് ഇതുവരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയത്. 1004 ടണ്‍ നെല്ല് സംഭരിച്ചുകഴിഞ്ഞു. 2.7 കോടി രൂപയാണ് ഇതിന്റെ മൂല്യം. 38,000 പേർ ആകെ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷ.
2020 ജൂണ്‍ 30 വരെയാണ് സംഭരണം നടക്കുക. ജില്ലയിൽ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. സീസണ് ആകുന്നതോടെ ഡിസംബർ-ജനുവരി മാസങ്ങളിൽ കർഷകരുടെ എണ്ണം ഇനിയും വർധിക്കും. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറാക്കി. കർഷകർക്കു സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് കിലോഗ്രാമിന് 18/19 രൂപ സംഭരണ വിലയായി നൽകുന്പോൾ സപ്ലൈകോ നൽകുന്നതു കിലോഗ്രാമിന് 26.95 രൂപയാണ്.