മങ്കൊന്പ്: പുഞ്ചക്കൃഷിയുടെ വിളവെടുത്ത നെല്ലുമായി വന്ന് യന്ത്രവൽകൃതവള്ളം മുങ്ങി നെല്ലു നനഞ്ഞു നശിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ ചേന്നങ്കരിപള്ളിക്കു സമീപമായിരുന്നു സംഭവം. കായൽമേഖലയിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ല് ലോറിയിൽ കയറ്റുന്നതിനായി നെടുമുടിയിലേക്കു കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി നാട്ടുകാർ പറയുന്നതിങ്ങനെ. നെല്ലു കയറ്റിയവള്ളം ആറിനു നടുവിലൂടെ വരുന്നതിനിടെ ചേന്നങ്കരിയിലെത്തിയപ്പോൾ ആറ്റിൽ ഇട്ടിരുന്ന പെരുവലയിൽ കയറാതിരിക്കുന്നതിനായി ആറിന്റെ അരികുചേർന്നു വള്ളം ഓടിച്ചുകൊണ്ടുവരുന്നതിനിടെ കുറ്റിയിൽ ഇടിക്കുകയും പലക തകർന്ന് വെള്ളം കയറി വള്ളം മുങ്ങുകയുമായിരുന്നു.
ഏറെ ആഴമില്ലാത്ത സ്ഥലമായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തെത്തുടർന്ന് വള്ളത്തിലുണ്ടായിരുന്ന നെല്ലു പകുതിയിലേറെ നനഞ്ഞു. പിന്നീട് മറ്റൊരു വള്ളം കൊണ്ടുവന്ന് ചാക്കുകൾ അതിൽ കയറ്റികൊണ്ടുപോയി. അപടത്തിലുണ്ടായ നാശനഷ്ടത്തിനു നഷ്പരിഹാരം വേണമെന്നാവശ്യപ്പെട്ട് വള്ളക്കാർ നെടുമുടി പോലീസിൽ പരാതി നൽകി.