തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട നിയമഭേദഗതി ഓർഡിനൻസിൽനിന്ന് നഗരങ്ങളെ ഒഴിവാക്കില്ലെന്ന് ആവർത്തിച്ച് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. ഇക്കാര്യത്തിൽ ചില ചർച്ചകൾ മാത്രമാണ് കഴിഞ്ഞ ദിവസം നടന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആവശ്യങ്ങൾക്ക് വേണ്ടി ഭൂമി എടുക്കുന്നതിൽ മാത്രമേ മാറ്റം ഉണ്ടാകു. ഇങ്ങനെ ഭൂമി എടുക്കുന്നതിൽ പ്രാദേശിക നിരീക്ഷണ സമിതിയുടെ അധികാരം എടുത്തുകളയുമെന്നും സുനിൽകുമാർ പറഞ്ഞു.
നാല് കോർപറേഷനുകളെ ഒഴിവാക്കി നെൽവയൽ തണ്ണീർത്തട നിയമഭേദഗതി നടപ്പാക്കാനുള്ള നീക്കത്തെ സിപിഐ മന്ത്രിമാർ തടഞ്ഞിരുന്നു. ബുധനാഴ്ച മുഖ്യമന്ത്രി റവന്യു, കൃഷി, ടൂറിസം മന്ത്രിമാരുൾപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ചാണ് ഈ നിർദേശം അവതരിപ്പിച്ചത്.
മന്ത്രിമാരുടെ എതിർപ്പിനെതുടർന്നു നിയമ ഭേദഗതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു.നിയമത്തിൽനിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളെ ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം.