നേമം: വെള്ളായണി കല്ലിയൂരിൽ കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യ പിതാവിനെയും സഹോദരനെയും വെട്ടി പരിക്കേൽപ്പിച്ചു.കല്ലിയൂർ ശാസ്താ ക്ഷേത്രത്തിന് സമീപം പറമ്പിൽ വീട്ടിൽ വിശ്വംഭരൻ (58) വിഷ്ണു (30) എന്നീ വർക്കാണ് വെട്ടേറ്റത്.
പുലർച്ചെ 3.30 മണിയോടെ വിശ്വംഭരന്റെ മരുമകൻ അനീഷ് (32) ഒരു സംഘവുമായി ബൈക്കിലെത്തിയാണ് അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വീടിന്റെ വരാന്തയിൽ ഉറങ്ങികിടക്കുകയായിരുന്ന വിശ്വംഭരനെ ക്രൂരമായി മർദ്ദിക്കുകയും വെട്ടുകയുമായിരുന്നു. വീടിന്റെ കതക് ചവിട്ടി തുറന്ന് കട്ടിലിൽ ഉറങ്ങി കിടക്കുക യായിരുന്ന വിഷ്ണുവിനെയും വെട്ടി. വെട്ടേറ്റ വിഷ്ണു വീടിന് പുറത്തേക്കിറങ്ങി ഓടി രക്ഷപെടുകയുമായിരുന്നു.
മലയം സ്വദേശിയായ അനീഷ് വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണെന്ന് പറയുന്നു. വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജലിയും മക്കളായ ബിന്ദുജയും ഒരു വയസായ മകളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് നേമം പോലിസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.