ന്യൂഡൽഹി/തിരുവനന്തപുരം: നേമത്തു താൻ മത്സരിക്കണമെന്ന ആവശ്യം സജീവമായതോടെ ചർച്ചയിൽ പിടിമുറുക്കി ഉമ്മൻ ചാണ്ടി.
നേമത്തു മത്സരിക്കാൻ തീരുമാനമില്ലെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ പ്രതികരിച്ചെങ്കിലും ഇന്നു വൈകുന്നേരത്തെ തെരഞ്ഞടുപ്പ് സമിതിയിലെ തീരുമാനമാകും അന്തിമമാവുക.
നേമത്തു മത്സരിക്കണമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചാൽ തന്റെ ചില നിർദേശങ്ങൾ പരിഗണിക്കണമെന്ന അഭ്യർഥന അദ്ദേഹം മുന്നോട്ടുവച്ചേക്കും.
അങ്ങനെ വന്നാൽ ഒരുപക്ഷേ, കെ.ബാബുവിനും കെ.സി.ജോസഫിനും സീറ്റ് കിട്ടിക്കൂടായ്കയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാൽ, ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടും നിർണായകമാണ്. എന്നാൽ, നേമത്തെ കുറിച്ചു പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നാണ് ഉമ്മൻ ചാണ്ടിക്കൊപ്പം മറ്റു നേതാക്കളും പറയുന്നത്.
അതുപോലെ കെ.സി.വേണുഗോപാൽ മത്സരിക്കുമെന്ന ഊഹാപോഹങ്ങളെയും ഇവർ തള്ളുന്നു.
അതേസമയം, തർക്കങ്ങളും നീണ്ട ചർച്ചകളും തെരഞ്ഞെടുപ്പ് സമിതിയിലേക്കും നീളരുതെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവച്ചിട്ടുണ്ട്. അതിനു മുന്പ് സ്ഥാനാർഥികളുടെ കാര്യത്തിൽ ഏകദേശ ധാരണ ഉണ്ടാക്കണമെന്നാണ് നിർദേശം.
ഇതിനിടെ, കെ.ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു പള്ളുരുത്തിയിലും മറ്റും പ്രകടനം നടന്നു. തർക്കങ്ങളില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്നു രാത്രി എട്ടിനു മുന്പ് പ്രഖ്യാപിക്കും.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും. നെയ്യാറ്റിൻകരയിൽ ആർ. ശെൽവരാജ് അന്തിമ പട്ടികയിൽ ഇടംപിടിച്ചതായി സൂചനയുണ്ട്.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പട്ടികയിൽ 50 ശതമാനം പ്രാതിനിധ്യം ഉണ്ടാകുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വടകരയും പേരാന്പ്രയും ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സൂചന. വടകരയിൽ ആർഎംപി സ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കും.
പേരാന്പ്ര ലീഗിനു നൽകിയേക്കുമെന്നും അറിയുന്നു. ചടയമംഗലത്തിനു പകരം പുനലൂർ ലീഗിനു നൽകാനാണ് സാധ്യത.