തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ഏക സീറ്റായ നേമം ആണ് ഇപ്പോൾ ശ്രദ്ധാ കേന്ദ്രം.
ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നതിനെത്തുടർന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മണ്ഡലമായി നേമം മാറിയിരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി വിജയിച്ചത് കോൺഗ്രസിന്റെ വിട്ടുവീഴ്ച കാരണമാണെന്ന വിമർശനത്തിന് ശക്തമായ മറുപടി ഇത്തവണ നൽകാനുറച്ച് തന്നെയാണ് കോൺഗ്രസ്.
ഇന്ന് വൈകിട്ട് കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവിടുന്പോൾ നേമത്തെ സ്ഥാനാർഥി ആരാകുമെന്ന ആകാംക്ഷയിലാണ് കേരളം.
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നീ മൂന്നു പേരുകളിൽ ഒന്നാകും മണ്ഡലത്തിലേക്ക് നിർദേശിക്കപ്പെടുകയെന്നത് ഏതാണ്ട് ഉറച്ച മട്ടാണ്.
അതേസമയം ഉമ്മൻ ചാണ്ടിയെ മണ്ഡലം മാറ്റി മത്സരിപ്പിക്കുന്നതിനോട് എ ഗ്രൂപ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി നേമത്ത് മത്സരിച്ചാൽ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും യുഡിഎഫിന് ഗുണം ചെയ്യും എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
മണ്ഡലം തിരിച്ചു പിടിക്കാൻ
വട്ടിയൂർക്കാവിലും നേമത്തും ശക്തരയ സ്ഥാനാർഥികളെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ഘടകകക്ഷികൾക്ക് നൽകിയിരുന്ന സീറ്റ് ഇത്തവണ കോണ്ഗ്രസ് ഏറ്റെടുത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കണമെന്നാണ് യുഡിഎഫ് നേതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിൽ ഇടതുപക്ഷത്തിനുള്ള മുൻതൂക്കം മറികടക്കാൻ സ്ഥാനാർഥി നിർണയത്തിലൂടെ വിജയം കൈവരിച്ചാൽ മാത്രമെ സാധിക്കുകയുള്ളുവെന്ന മുന്നറിയിപ്പാണ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നൽകിയിരിക്കുന്നത്.
ബിജെപിക്കും പരീക്ഷണം
അതേസമയം നേമം സീറ്റ് നിലനിർത്തിയില്ലെങ്കിൽ ബിജെപിയിൽ പ്രശ്നങ്ങൾ വഷളാകും. മണ്ഡലത്തിലേക്ക് ബിജെപി പരിഗണിക്കുന്നത് കുമ്മനം രാജശേഖരനെയാണ്.
കുമ്മനത്തിലൂടെ മണ്ഡലം നിലനിർത്താനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കോണ്ഗ്രസിലെ ശക്തരായ നേതാക്കൾ മത്സര രംഗത്തേക്ക് വന്നാൽ സീറ്റ് നിലനിർത്താൻ ബിജെപിക്ക് കഠിനമായി പ്രയത്നിക്കേണ്ടി വരും.
വലിയ നേതാക്കൾ വരട്ടെ, വോട്ടു കച്ചവടം ഇല്ലാതാകുമല്ലോ: വി.ശിവൻകുട്ടി
അതേസമയം നേമത്ത് എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
2016-ൽ താൻ പരാജയപ്പെട്ടത് യുഡിഎഫ് വോട്ട് കച്ചവടം നടത്തിയത് കൊണ്ടാണെന്ന് ശിവൻകുട്ടി ആരോപിച്ചു.
സമുന്നതരായ നേതാക്കൾ യുഡിഎഫ് സ്ഥാനാർഥിയായി വന്നാൽ ഇത്തവണയെങ്കിലും വോട്ട് കച്ചവടം നടക്കാതെ വരുമല്ലോ എന്ന ആശ്വാസത്തിലാണ് ഇടത് സ്ഥാനാർഥി.
ആര് മത്സരിക്കാൻ വന്നാലും ഇത്തവണ നേമത്ത് എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.