കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകര്‍ക്കെതിരേ അസഭ്യ പരാമര്‍ശവുമായി നെന്മാറ എംഎല്‍എ കെ ബാബു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതിനെയാണ് എംഎല്‍എ അശ്ലീല രീതിയില്‍ ചിത്രീകരിച്ചത്.
സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍……….
എത്ര നാണംകെട്ട സമരങ്ങളാണിവിടെയെന്നുമായിരുന്നു പരാമര്‍ശം.ആള് വേണ്ടേ, ആളെ കൂട്ടണ്ടേ അവര്‍. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം.
ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള് കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും എന്നുമാണ് കെ ബാബു പ്രസംഗിച്ചത്.
തിങ്കളാഴ്ച രാത്രി നെന്മാറ പല്ലശ്ശനയില്‍ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം.
പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് തെറ്റെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചിരുന്നു.
ഇതിന്റെ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു കെ.ബാബുവിന്റെ പരാമര്‍ശം.