നെന്മാറ: നെന്മാറ-പോത്തുണ്ടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലുള്ള പാതയുടെ വീതിയിൽ നെന്മാറ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ പോത്തുണ്ടിഡാം വരെ എട്ടുകിലോമീറ്റർ റോഡാണ് വീണ്ടും ടാർ ചെയ്തു നവീകരിക്കുന്നത്. റോഡ് തുടങ്ങുന്നതുമുതൽ കുറച്ചുദൂരംവരെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യും.
ബജറ്റ് പ്രഖ്യാപനമനുസരിച്ച് 2.5 കോടി രൂപ മുടക്കിയാണ് നവീകരണം. നെല്ലിക്കുളങ്ങര ക്ഷേത്രത്തിനുസമീപം ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് കയറിപോകുന്ന ഭാഗത്ത് ഉൾപ്പെടെ എതിരേ വരുന്ന വാഹനം ദൃശ്യമാകത്തക്കവിധത്തിൽ ഉയരംകൂടിയ സ്ഥലം വെട്ടിനിരപ്പാക്കി റീടാറിംഗ് ചെയ്യാനാണ് പദ്ധതി. എന്നാൽ റോഡിന്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുള്ള ജലവിതരണ പൈപ്പുകളും ടെലിഫോണ്‍ കേബിളുകളും തടസമാകുന്നതിനാൽ കൂടുതൽ വെട്ടിനിരപ്പാക്കാൻ കഴിയുന്നില്ല.
5.5 മുതൽ ആറുമീറ്റർ വീതിവരുന്ന റോഡിൽ മൂന്നു സെന്റിമീറ്റർ കനത്തിലായിരിക്കും ടാറിംഗ്. പോത്തുണ്ടിമുതൽ നെല്ലിയാന്പതി വരെയുള്ള ഭാഗത്ത് അറ്റകുറ്റപണികൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. നെന്മാറ-പോത്തുണ്ടി റോഡുപണിയും പൂർത്തിയായാൽ നെല്ലിയാന്പതി യാത്ര സുഗമമായി തീരുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാന്പതി നിവാസികൾ. വിനോദസഞ്ചാരികളായി നെല്ലിയാന്പതിയിലേക്കു വരുന്നവർക്കും വാഹനയാത്രക്കാർക്കും യാത്ര സുഗമമാകും.