ചേരാനല്ലൂർ: നേന്ത്രക്കായ വിപണിയിലെ വൻ വിലയിടിവ് വാഴകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില കിലോയ്ക്ക് 22 മുതൽ 26 രൂപ വരെയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ കർഷക വിപണികളിൽനിന്നു കർഷകർക്ക് ലഭിച്ച തുകയാണിത്.
കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃഷി ചെയ്യുന്പോൾ വാഴ ഒന്നിന് 250 രൂപയോളം ചെലവ് വരും. വിളവെടുത്തുകഴിയുന്പോൾ കർഷകന് ഇപ്പോൾ വിപണിയിൽ കിട്ടുന്നത് 150 രൂപയോളമാണ്.
ഉത്പാദനം കൂടിയതും വടക്കൻ കേരളത്തിൽനിന്നു നേന്ത്രക്കായ വിപണികളിൽ സുലഭമായി എത്താൻ തുടങ്ങിയതുമാണ് നേന്ത്രക്കായയ്ക്ക് ഇത്രയേറെ വിലയിടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കാർഷിക മേഖലയായ കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കഴ പഞ്ചായത്തുകളിൽ നൂറുകണക്കിന് വാഴകർഷകർ ഇതുമൂലം സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ബാങ്കുകളിലും സൊസൈറ്റികളിലുംനിന്നു വായ്പ എടുത്താണ് ഭൂരിഭാഗം കർഷകർകരും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം കർഷകരും സ്വന്തം ഭൂമിയില്ലാത്തവരാണ്. ഇവർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്.
ഇവരെ സംബന്ധിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിലയിടിവ് താങ്ങാവുന്നതിൽ അപ്പുറത്താണ്. പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.