വടക്കഞ്ചേരി: നേന്ത്രവാഴ കർഷകരെ കടക്കെണിയിലാക്കി നേന്ത്രക്കായ വില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 38 രൂപവരെയുണ്ടായിരുന്നത് ഇപ്പോൾ 15 രൂപയിലും താഴെയായി. ഈ വിലയ്ക്കും കായ എടുക്കാൻ ആളില്ലാതെ കായ പഴുത്ത് നശിക്കുന്ന സ്ഥിതിയാണ്.
മൈസൂരിനടുത്ത് നഗരം, ട്രിച്ചി, കൊഴിഞ്ഞാന്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വലിയതോതിൽ നേന്ത്രക്കായ മാർക്കറ്റുകളിലെത്തുന്നതാണ് നാടൻകായവില കൂപ്പുകുത്താൻ കാരണമാകുന്നത്. ഓരോദിവസവും വില താഴുന്ന സ്ഥിതിയാണെന്ന് വിഎഫ്പിസികെയുടെ പാളയത്തുള്ള സ്വാശ്രയ കർഷകസംഘം ഭാരവാഹികൾ പറഞ്ഞു.
തോട്ടങ്ങളിൽനിന്നുള്ള കായവരവ് നിയന്ത്രിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. തൃശൂർ മാർക്കറ്റിൽ വരവു കായയ്ക്ക് പ്രിയം കൂടിയതോടെ നാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരില്ലാതായി. ഒരു നേന്ത്രവാഴ പരിചരണത്തിന് കുറഞ്ഞത് ഇരുന്നൂറു രൂപയെങ്കിലും ചെലവുവരുന്പോൾ ഇപ്പോഴത്തെ വിലവച്ച് ഇതിന്റെ പകുതിപോലും കിട്ടാൻ വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
കാട്ടുമൃഗങ്ങളോട് പടവെട്ടിയാണ് കിഴക്കഞ്ചേരിയുടെ മലയോരമേഖലയിൽ കർഷകർ വാഴകൃഷി നടത്തുന്നത്. കുരങ്ങ്, മയിൽ, പന്നി തുടങ്ങിയവ വ്യാപകമായാണ് കൃഷിനാശം ഉണ്ടാക്കുന്നതെന്ന് കർഷകർ പറയുന്നു. രാപകൽ വിളകൾക്ക് കാവലിരുന്നും പരിചരിച്ചും ഒടുവിൽ വിളയ്ക്ക് വിലയില്ലാത്ത സ്ഥിതി ഏറെ വേദനിപ്പിക്കുന്നതാണെന്ന് വാഴകർഷകർ പറഞ്ഞു.
പച്ചക്കറികൾക്ക് വിലയില്ലാതാകുന്പോൾ കർഷകരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. ഫണ്ടില്ലെന്നു പറഞ്ഞ് സർക്കാർ സംവിധാനങ്ങളും കൈമലർത്തുന്പോൾ ദൈനംദിന ജീവിതചെലവുകൾ കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്ന സ്ഥിതിയിലാണ് കർഷകരെല്ലാം.
നേന്ത്രക്കായപോലെ തന്നെ പാവയ്ക്ക, കോവയ്ക്ക, പടവലം, ചേന തുടങ്ങിയവയും വിലയില്ല. അതേസമയം വിളകൾക്ക് കർഷകന് വില ലഭിക്കുന്നില്ലെങ്കിലും കടകളിൽ നേന്ത്രക്കായ്ക്കും പഴത്തിനും ഉയർന്ന വിലയാണ്.
ഒരു കിലോ നേന്ത്രപ്പഴത്തിന് 40 രൂപ വരെ ഈടാക്കി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരുണ്ട്. കായവില കുറയുന്നതിന് അനുസരിച്ച് കച്ചവടക്കാരും കൊള്ളലാഭം എടുക്കാതെ വില്പന നടത്തിയാൽ വിലകൾ ഇത്തരത്തിൽ ഇടിയില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.