മുംബൈ: മഹാരാഷ്ട്രയിലെ താനെയിലുള്ള ഛത്രപതി ശിവാജി മഹാരാജ് ഹോസ്പിറ്റലിൽ (സിഎസ്എംഎച്ച്) ഒരു മാസത്തിനിടെ 21 നവജാത ശിശുക്കൾ മരിച്ചു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. സ്വകാര്യ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും അതീവ ഗുരുതരമായ ഘട്ടത്തിലാണു കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചിരുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
കുട്ടികളുടെ മരണത്തിനു കാരണം കുറഞ്ഞ ഭാരവും മാസം തികയാതെയുള്ള പ്രസവവുമാണെന്നു ചൈൽഡ് സ്പെഷലിസ്റ്റ് ഡോ. ജയേഷ് പനോട്ട് പറഞ്ഞു.
അതേസമയം, ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. 2023 ഓഗസ്റ്റിൽ, 24 മണിക്കൂറിനുള്ളിൽ 18 രോഗികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു.