ജന്മനാട് നേപ്പാള്‍ ആണെങ്കിലും ആരതിക്കുട്ടി ഇപ്പോള്‍ തനി മലയാളിക്കുട്ടിയാണ്. ഈ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയാണ് ഈ മിടുക്കി നേപ്പാളിനും കേരളത്തിനും ഒരേപോലെ അഭിമാനമായത്.
നേപ്പാള്‍ സ്വദേശികളായ ദീപക്സിങിന്റെയും രാജേശ്വരിയുടെയും മകള്‍ ആരതിയാണ് ഒന്‍പത് എ പ്ലസ് നേടി മികച്ച വിജയം സ്വന്തമാക്കിയത്.
ഗണിതശാസ്ത്രത്തില്‍ മാത്രമാണ് ആരതിക്ക് പിഴച്ചത്. മലയാളത്തിലടക്കം മികവ് കാണിച്ച ആരതിക്ക് ഗണിതത്തില്‍ സി പ്ലസിലേക്ക് ഒതുങ്ങേണ്ടി വന്നു.
രാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നു ആരതിയുടെ പഠനം.
കരീലക്കുളങ്ങര ഗവ. ടൗണ്‍ യു.പി സ്കൂളിലാണ് ഏഴ് വരെ പഠിച്ചത്. പിന്നീട് ഹൈസ്കൂള്‍ പഠനത്തിനായാണ് രാമപുരം സ്കൂളിലെത്തിയത്.
നിരവധി പ്രതികൂല ജീവിത സാഹചര്യങ്ങളെ അതിജയിച്ചാണ് ആരതിയുടെ വിജയമെന്നതും എ പ്ലസുകളുടേയും സി പ്ലസിന്റേയും തിളക്കം വര്‍ധിപ്പിക്കുന്നു.
ആരതിയുടെ ജനനത്തോടെയാണ് ദീപക്സിങ് കായംകുളത്ത് എത്തുന്നത്. 2013 ല്‍ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റതോടെ ജോലി ചെയ്യാന്‍ ഒന്നും കഴിയാതെയായി.
ഇതോടെ ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ കരീലക്കുളങ്ങരയില്‍ വാടക വീട്ടിലാണ് കഴിയുന്നത്.
ആരതിയുടെ ഒരു സഹോദരി ഭൂമിക രാമപുരം സ്കൂളില്‍ പത്താം ക്ലാസിലും ഇളയ സഹോദരി ഐശ്വര്യ കരീലക്കുളങ്ങര ടൗണ്‍ യുപി സ്കൂളില്‍ ആറാം ക്ലാസിലും പഠിക്കുകയാണ്.