കോഴിക്കോട് : നേപ്പാളിലെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കുന്നമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത്ത് കുമാര്‍, ഭാര്യ കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഇന്ദുലക്ഷ്മി, മകന് വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങളാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ കാഠ്മണ്ഡുവില്‍നിന്ന് ഇന്ന് വൈകുന്നേരം 3.30 ന് ഡല്‍ഹിയിലെത്തിക്കുന്നത്.
നാളെ രാവിലെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോടെത്തിക്കും വിധത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. ഉച്ചയോടെ മൃതദേഹം കോഴിക്കോടെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൊകവൂരിലെ വീട്ടിലും പിന്നീട് കുന്നമംഗലത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്കാരം. പോസ്റ്റ്മോര്‍ട്ടം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ ഇന്നലെ രാത്രിയോടെ തന്നെ പൂര്‍ത്തിയായി.
അതേസമയം അച്ഛനും അമ്മയും അനിയനും നഷ്ടപ്പെട്ടതറിയാതെ മാധവ് ഇന്നലെ രാത്രി നാട്ടിലെത്തി .
ചില അത്യാവശ്യ കാര്യമുള്ളതിനാല്‍ അച്ഛനും അമ്മയും അനിയനും നേരത്തെ വിമാനം കയറി നാട്ടിലേക്ക് പോയിരിക്കുന്നുവെന്ന് പറഞ്ഞാണ് മാധവിനെ നാട്ടിലെത്തിച്ചത് . ബുധനാഴ്ച രാവിലെ ഒമ്പതിന് കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് മാധവിനേയും കൂട്ടി അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
യുപിയില്‍ പട്ടാള ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്നലെ തന്നെ മാധവിന്റെ അടുത്തെത്തിയിരുന്നു. രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. മൊകവൂരിലെ അമ്മയുടെ വീട്ടിലേക്കാണ് മാധവിനെ എത്തിച്ചത്.
നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നിന്ന് വിഷവാതകം ശ്വസിച്ചാണ് രഞ്ജിത്ത് കുമാറും ഭാര്യയും മകനും മരിച്ചത്. മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെടുകയായിരുന്നു.