കോഴിക്കോട്: നേപ്പാളിലെ കാഠ്മണ്ഡുവില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടവും എംബാമിഗും പൂര്‍ത്തിയായാല്‍ വ്യാഴാഴ്ചയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവറാവു അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേപ്പാള്‍ പോലീസുമായും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കുന്നമംഗലം വെളൂര് പുനത്തില്‍ രഞ്ജിത്ത് (37), ഭാര്യ ഇന്ദു (29) മകന് വൈഷ്ണവ് (രണ്ട്) എന്നിവരാണ് മരിച്ചത്.
എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ എൻജിനിയറായ രഞ്ജിത് കുടുംബവുമായി നേപ്പാളിലേക്ക് വിനോദയാത്ര പോയതായിരുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ ദാമന്‍ എന്ന റിസോര്‍ട്ടില്‍ രാത്രി താമസിക്കവേ മുറിയില്‍ നിന്ന് വിഷവാതകം ശ്വസിച്ച് മരിക്കുകായിരുന്നുവെന്നാണ് വിവരം.
കൂടെയുണ്ടായിരുന്ന മൂത്തമകന് ആറുവയസുകാരനായ മാധവ് അടുത്തമുറിയിലായതിനാല് രക്ഷപ്പെടുകയായിരുന്നു. സഹകരണ ബാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്ത പുനത്തില്‍ മാധവന് നായരുടെയും പ്രഭാവതി യുടെയും മകനാണ് രഞ്ജിത്.
മൊകവൂര്‍ സ്വദേശിയായ ഭാര്യ ഇന്ദു കാരന്നൂര്‍ സര്‍വീസ് സഹകരണബാങ്കിലെ ജീവനക്കാരിയുമാണ്. മൂത്തമകന് മാധവ് സില്‍വര്‍ഹില്‍സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ആഴ്ചയില്‍ നാട്ടില്‍ വരുന്ന രഞ്ജിത്ത് കുടുംബസമേതം കുന്നമംഗലത്തുള്ള തറവാട്ടിലേക്കായിരുന്നു വരാറുണ്ടായിരുന്നത്.
നാട്ടിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിലും ഒരു ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുത്തതിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് രഞ്ജിത് എറണാകുളത്തേക്ക് പോയിരുന്നത്.
വെള്ളിയാഴ്ച ഡല്‍ഹിക്കുപോയ കുടുംബം അവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം നേപ്പാളിലേക്ക് പോവുകയായിരുന്നു. കുടുംബത്തിന്റെ അപ്രതിക്ഷിത മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ ദുഖത്തിലാഴ്ത്തി.